ബെംഗളൂരുവിൽ രണ്ടാമത്തെ ഗ്രീൻഫീൽഡ് അന്താരാഷ്ട്ര വിമാനത്താവളം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കർണാടക സർക്കാർ ഇതുവരെ ഔദ്യോഗിക നിർദേശം സമർപ്പിച്ചിട്ടില്ലെന്ന് കേന്ദ്ര സർക്കാർ ലോക്സഭയിൽ അറിയിച്ചു. കേന്ദ്ര വ്യോമയാന സഹമന്ത്രി മുരളീധർ മൊഹോൾ നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ബെംഗളൂരു സെൻട്രൽ എം.പി. പി.സി.മോഹൻ ലോക്സഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് കേന്ദ്രം വിശദീകരണം നൽകിയത്. കനകപുര റോഡും കുനിഗൽ റോഡും ഉൾപ്പെടെയുള്ള സാധ്യതാ സ്ഥലങ്ങൾ, ഭൂമി ഏറ്റെടുക്കൽ, സാങ്കേതിക പഠനം, പദ്ധതിയുടെ പുരോഗതി എന്നിവയെക്കുറിച്ചായിരുന്നു എംപിയുടെ ചോദ്യം.
എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ തയ്യാറാക്കിയ പ്രീ-ഫീസിബിലിറ്റി പഠന റിപ്പോർട്ട് നേരത്തേ തന്നെ കർണാടക സർക്കാരിന് കൈമാറിയിട്ടുണ്ടെന്ന് കേന്ദ്രം അറിയിച്ചു. എന്നാൽ അതിന് ശേഷം ഗ്രീൻഫീൽഡ് എയർപോർട്ട് നയപ്രകാരം സംസ്ഥാന സർക്കാരിൽ നിന്നോ വിമാനത്താവള വികസന ഏജൻസികളിൽ നിന്നോ അന്തിമ നിർദേശം ലഭിച്ചിട്ടില്ലെന്നും കേന്ദ്രം വ്യക്തമാക്കി.
അതേസമയം, ബെംഗളൂരുവിലെ വർധിച്ചുവരുന്ന യാത്രക്കാരുടെ എണ്ണം കണക്കിലെടുത്ത് രണ്ടാമത്തെ വിമാനത്താവളത്തിനായുള്ള സാധ്യതാ പഠനം സംസ്ഥാന സർക്കാർ തുടരുകയാണ്. സാങ്കേതിക സാധുത, സാമ്പത്തിക പ്രായോഗികത, പരിസ്ഥിതി ആഘാതം, റോഡ്-റെയിൽ കണക്റ്റിവിറ്റി, ജനവാസത്തെ ബാധിക്കുന്ന തോത് തുടങ്ങിയ ഘടകങ്ങൾ വിലയിരുത്തിയ ശേഷമായിരിക്കും അന്തിമ സ്ഥലം തിരഞ്ഞെടുക്കുക. മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഉദ്യോഗസ്ഥരോട് ചുരുക്കപ്പട്ടികയിലുള്ള മൂന്ന് സ്ഥലങ്ങളിൽ നിന്ന് ഒരു സ്ഥലം അന്തിമമാക്കാൻ നിർദേശിച്ചതായും റിപ്പോർട്ടുകളുണ്ട്.
നിലവിൽ ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ വികസന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. യാത്രക്കാരുടെ എണ്ണം തുടർച്ചയായി ഉയരുന്ന സാഹചര്യത്തിൽ നഗരത്തിന് രണ്ടാമത്തെ വിമാനത്താവളം അനിവാര്യമാണെന്ന ആവശ്യം വിവിധ മേഖലകളിൽ നിന്ന് ശക്തമായി ഉയരുന്നുണ്ട്.