കർണാടക മന്ത്രിസഭാ വികസനം ഈ ആഴ്ചയ്ക്കുള്ളിൽ അന്തിമമാക്കുമെന്ന് മുഖ്യമന്ത്രി ഡി.കെ.ശിവകുമാർ അറിയിച്ചു. മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം കോൺഗ്രസ് ഹൈക്കമാൻഡുമായുള്ള ചർച്ചകൾക്ക് ശേഷമുണ്ടാകുമെന്നാണ് സൂചന.
ന്യൂഡൽഹിയിലെ പാർലമെന്റ് ഹൗസിൽ എ.ഐ.സി.സി. അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ സാന്നിധ്യത്തിൽ കർണാടകയിൽ നിന്നുള്ള കോൺഗ്രസ് എംപിമാരുമായി ഡി.കെ.ശിവകുമാർ കൂടിക്കാഴ്ച നടത്തി. മന്ത്രിസഭാ വികസനത്തിന് പുറമെ സംസ്ഥാനത്തിൻ്റെ പ്രധാന വികസന പദ്ധതികളും യോഗത്തിൽ ചർച്ചയായി.
മെക്കേദാട്ടു, മഹാദായി ജലപദ്ധതികളുടെ പുരോഗതി, സംസ്ഥാനത്തെ ജലസംഭരണികളുടെ നിലവിലെ സ്ഥിതി, കുടിവെള്ള ലഭ്യത, മറ്റ് ജലവിഭവ പദ്ധതികൾ എന്നിവയും മുഖ്യമന്ത്രി മുതിർന്ന ഉദ്യോഗസ്ഥരുമായി വിലയിരുത്തി. കർണാടകയുടെ ജലാവകാശം സംരക്ഷിക്കുന്നതിനും ജനങ്ങൾക്ക് ദീർഘകാല ജലസുരക്ഷ ഉറപ്പാക്കുന്നതിനുമായി ആവശ്യമായ എല്ലാ നിയമപരവും ഭരണപരവുമായ നടപടികളും സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
യോഗത്തിൽ മന്ത്രി രാമലിംഗ റെഡ്ഡി, ന്യൂഡൽഹിയിലെ കർണാടക സർക്കാരിൻ്റെ പ്രത്യേക പ്രതിനിധി ഡോ. ടി.ബി. ജയചന്ദ്ര, കർണാടക അഡ്വക്കേറ്റ് ജനറൽ കെ.ശശി കിരൺ ഷെട്ടി എന്നിവരും മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.
ചൊവ്വാഴ്ച കോൺഗ്രസ് ഹൈക്കമാൻഡ് നേതാക്കളുമായി ഡി.കെ. ശിവകുമാർ വീണ്ടും കൂടിക്കാഴ്ച നടത്തും. മന്ത്രിസഭാ വികസനത്തിൻ്റെ അന്തിമ രൂപരേഖ ഈ യോഗത്തിൽ തീരുമാനിക്കുമെന്നാണ് പ്രതീക്ഷ. അതേസമയം, മന്ത്രിസ്ഥാനത്തിനായി നിരവധി എം.എൽ.എമാർ രംഗത്തുള്ളതും നിലവിലെ മന്ത്രിമാരിൽ ചിലർ വകുപ്പുമാറ്റം ആവശ്യപ്പെടുന്നതും ഹൈക്കമാൻഡിനും മുഖ്യമന്ത്രിക്കും മുന്നിൽ വെല്ലുവിളിയായി തുടരുകയാണ്.
ഡൽഹി സന്ദർശനത്തിന് ശേഷം ബെംഗളൂരുവിലേക്ക് മടങ്ങുന്ന മുഖ്യമന്ത്രി, സംസ്ഥാനത്തെ പ്രധാന വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി സർവകക്ഷി യോഗം വിളിക്കുമെന്നും അറിയിച്ചു. മന്ത്രിസഭാ വികസന പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും.