കേരളത്തിൽ വീണ്ടും കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യതയെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ തീരങ്ങളിൽ ബുധനാഴ്ച പുലർച്ചെ 5.30 വരെ 1.0 മുതൽ 1.3 മീറ്റർ വരെ ഉയരമുള്ള തിരമാലകളും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി.
തിരുവനന്തപുരം ജില്ലയിലെ കാപ്പിൽ മുതൽ പൊഴിയൂർ വരെ, കൊല്ലം ജില്ലയിലെ ആലപ്പാട് മുതൽ ഇടവ വരെ, ആലപ്പുഴ ജില്ലയിലെ ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ തീരപ്രദേശങ്ങളിലാണ് കൂടുതൽ ജാഗ്രത നിർദേശിച്ചിരിക്കുന്നത്. കൂടാതെ കന്യാകുമാരി തീരത്തും ബുധനാഴ്ച രാത്രി 11.30 വരെ 1.2 മുതൽ 1.3 മീറ്റർ വരെ ഉയരമുള്ള തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.
കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകടസാധ്യതയുള്ള തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശമനുസരിച്ച് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണം. ചെറിയ ബോട്ടുകളും വള്ളങ്ങളും കടലിൽ ഇറക്കരുതെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.
കള്ളക്കടൽ പ്രതിഭാസമുള്ള സമയത്ത് മത്സ്യബന്ധന യാനങ്ങൾ കടലിലിറക്കുന്നതും കരയ്ക്കടുപ്പിക്കുന്നതും ഒരുപോലെ അപകടകരമാണ്. തിരമാലകൾ ശക്തമായ സമയങ്ങളിൽ ഇത്തരം നീക്കങ്ങൾ പൂർണമായും ഒഴിവാക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. മുന്നറിയിപ്പ് പിൻവലിക്കുന്നതുവരെ ബീച്ചുകളിലെ വിനോദസഞ്ചാരം, കടലിൽ ഇറങ്ങി കുളിക്കൽ, മറ്റ് വിനോദപ്രവർത്തനങ്ങൾ എന്നിവ ഒഴിവാക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. മത്സ്യബന്ധന ബോട്ടുകളും വള്ളങ്ങളും ഹാർബറുകളിൽ സുരക്ഷിതമായി കെട്ടിയിടുകയും, തമ്മിൽ ആവശ്യമായ അകലം പാലിക്കുകയും മത്സ്യബന്ധന ഉപകരണങ്ങൾ സുരക്ഷിതമായി സൂക്ഷിക്കുകയും വേണമെന്നും നിർദേശത്തിൽ പറയുന്നു.
തീരശോഷണത്തിനും കടലാക്രമണത്തിനും സാധ്യത നിലനിൽക്കുന്നതിനാൽ തീരദേശ മേഖലകളിലുള്ളവർ ഔദ്യോഗിക മുന്നറിയിപ്പുകൾ ശ്രദ്ധിച്ച് ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.