ട്വന്റി20 പാർട്ടിയിൽ നിന്ന് സംവിധായകനും രാഷ്ട്രീയ പ്രവർത്തകനുമായ അഖിൽ മാരാർ രാജിവെച്ചു. പാർട്ടിയിൽ പ്രവർത്തന സ്വാതന്ത്ര്യമില്ലെന്നും നിലവിലെ സാഹചര്യത്തിൽ മുന്നോട്ട് സഹകരിച്ച് പോകാൻ കഴിയില്ലെന്നും വ്യക്തമാക്കിയാണ് അദ്ദേഹം പാർട്ടി വിട്ടത്.
രാജിക്കൊപ്പം പാർട്ടി അധ്യക്ഷൻ സാബു എം.ജേക്കബിനെതിരെയും അഖിൽ മാരാർ രൂക്ഷ വിമർശനം ഉന്നയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് കോട്ടാരക്കര മണ്ഡലത്തിൽ മത്സരിക്കാൻ അവസരം നൽകാമെന്ന് ഉറപ്പ് നൽകിയെന്നും പിന്നീട് തൃപ്പൂണിത്തുറ സീറ്റ് വാഗ്ദാനം ചെയ്തെങ്കിലും അതും പാലിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു. തിരഞ്ഞെടുപ്പിന് ശേഷം സാബു എം. ജേക്കബ് ഫോൺ വിളികൾ പോലും എടുക്കുന്നില്ലെന്നും പാർട്ടിയിൽ നേതാക്കളുമായി ആശയവിനിമയമോ പ്രവർത്തന സ്വാതന്ത്ര്യമോ ഇല്ലെന്നും അഖിൽ മാരാർ പറഞ്ഞു.
ട്വന്റി20 ഒരു ജനകീയ രാഷ്ട്രീയ പ്രസ്ഥാനം എന്നതിലുപരി സാബു എം ജേക്കബിൻ്റെ വ്യക്തിപരമായ താൽപര്യങ്ങൾക്കായാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. പാർട്ടിക്കുള്ളിൽ അഭിപ്രായങ്ങൾ തുറന്ന് പറയാനുള്ള സാഹചര്യമില്ലെന്നും അതിനാലാണ് രാജിവെക്കാൻ തീരുമാനിച്ചതെന്നും അഖിൽ മാരാർ വ്യക്തമാക്കി. അതേസമയം, അഖിൽ മാരാറിൻ്റെ ആരോപണങ്ങളോട് ട്വന്റി20 നേതൃത്വം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അദ്ദേഹത്തിൻ്റെ രാജി പാർട്ടിക്കുള്ളിൽ പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.