മെട്രോ സ്റ്റേഷനിൽ യാത്രക്കാരൻ ട്രാക്കിലേക്ക് ചാടി മരിച്ച സംഭവം; സ്ക്രീൻ ഡോറുകൾ വേണമെന്ന ആവശ്യം ശക്തം
ഹുസ്കൂർ റോഡ് മെട്രോ സ്റ്റേഷനിൽ യാത്രക്കാരൻ ട്രാക്കിലേക്ക് ചാടി മരിച്ച സംഭവത്തിന് പിന്നാലെ നമ്മ മെട്രോ സ്റ്റേഷനുകളിലെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവമായി. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ പ്ലാറ്റ്ഫോം സ്ക്രീൻ ഡോറുകൾ സ്ഥാപിക്കണമെന്ന ആവശ്യം വിവിധ കോണുകളിൽ നിന്ന് ഉയരുകയാണ്.
ഇന്നലെ വൈകിട്ടാണ് 37-കാരൻ ഹുസ്കൂർ റോഡ് സ്റ്റേഷനിൽ ട്രെയിനിന് മുന്നിലേക്ക് ചാടി മരിച്ചത്. എമർജൻസി ബ്രേക്ക് പ്രയോഗിച്ചെങ്കിലും അപകടം ഒഴിവാക്കാനായില്ല. സംഭവത്തെ തുടർന്ന് യെല്ലോ ലൈനിലെ ഹുസ്കൂർ റോഡ്, ഹെബ്ബഗൊഡി, ബൊമ്മസന്ദ്ര, ഇലക്ട്രോണിക്സ് സിറ്റി സ്റ്റേഷനുകളിലായി രണ്ട് മണിക്കൂറിലേറെ സർവീസ് തടസ്സപ്പെട്ടു.
സംഭവത്തിന് പിന്നാലെ യാത്രക്കാരും സാമൂഹിക പ്രവർത്തകരും മെട്രോ വിദഗ്ധരും പ്ലാറ്റ്ഫോം സ്ക്രീൻ ഡോറുകൾ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു. ലോകത്തിലെ പല മെട്രോ ശൃംഖലകളിലും ഇത്തരം ഡോറുകൾ ഉപയോഗിക്കുന്നതിലൂടെ അപകടങ്ങളും ആത്മഹത്യാശ്രമങ്ങളും ഗണ്യമായി കുറയ്ക്കാൻ കഴിഞ്ഞിട്ടുണ്ടെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്.
എന്നാൽ നിലവിൽ ബെംഗളൂരു മെട്രോയുടെ പ്രവർത്തനത്തിലുള്ള സ്റ്റേഷനുകളിൽ പ്ലാറ്റ്ഫോം സ്ക്രീൻ ഡോറുകൾ സ്ഥാപിക്കാൻ ഉടൻ പദ്ധതിയില്ലെന്നാണ് റിപ്പോർട്ടുകൾ. ചെലവും സാങ്കേതിക വെല്ലുവിളികളും പരിഗണിച്ചാണ് തീരുമാനം. ഭാവിയിലെ പുതിയ മെട്രോ പദ്ധതികളിൽ ഈ സംവിധാനം ഉൾപ്പെടുത്താനുള്ള സാധ്യതകൾ പരിശോധിക്കാമെന്നാണ് സൂചന.
ഹുസ്കൂർ റോഡ് ദുരന്തം നമ്മ മെട്രോയുടെ ചരിത്രത്തിലെ നാലാമത്തെ ആത്മഹത്യയായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതോടെ യാത്രക്കാരുടെ സുരക്ഷയും മാനസികാരോഗ്യ സഹായ സംവിധാനങ്ങളും കൂടുതൽ ശക്തിപ്പെടുത്തണമെന്ന ആവശ്യം വീണ്ടും ശക്തമായിരിക്കുകയാണ്.