അനധികൃത വന്യജീവി കടത്തിനെതിരെ നടത്തിയ പരിശോധനയിൽ ബെംഗളൂരു സോണൽ യൂണിറ്റിലെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (DRI) ഉദ്യോഗസ്ഥർ 180 ജീവനുള്ള ഇന്ത്യൻ സ്റ്റാർ ആമകളെ പിടികൂടി. കഴിഞ്ഞ ദിവസം ഗാന്ധിനഗറിൽ നടത്തിയ പരിശോധനയിൽ ആണ് ആമകളെ കണ്ടെത്തിയത്.
രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ പച്ച നിറത്തിലുള്ള ട്രോളി ബാഗുമായി ഗാന്ധിനഗറിലെത്തിയ ഒരാളെ DRI ഉദ്യോഗസ്ഥർ തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു. ബാഗിനുള്ളിൽ ആറ് തുണിക്കവറുകളിലായി സൂക്ഷിച്ചിരുന്ന 180 ആമകളെയാണ് കണ്ടെത്തിയത്.
Geochelone elegans എന്ന ശാസ്ത്രീയനാമത്തിൽ അറിയപ്പെടുന്ന ഇന്ത്യൻ സ്റ്റാർ ആമകൾക്ക് വന്യജീവി സംരക്ഷണ നിയമം, 1972 പ്രകാരം ഏറ്റവും ഉയർന്ന തലത്തിലുള്ള സംരക്ഷണമാണ് ലഭിക്കുന്നത്.
ചോദ്യം ചെയ്യലിൽ, കലാസിപാളയത്ത് മറ്റൊരാളിൽനിന്നാണ് ട്രോളി ബാഗ് കൈപ്പറ്റിയതെന്നും മജസ്റ്റിക്കിൽ മറ്റൊരാൾക്ക് ബാഗ് കൈമാറാനാണ് നിർദേശിച്ചിരുന്നതെന്നും പിടിയിലായയാൾ ഉദ്യോഗസ്ഥരോട് പറഞ്ഞു. ബാഗ് എത്തിച്ചുനൽകുന്നതിന് 10,000 രൂപ പ്രതിഫലം വാഗ്ദാനം ചെയ്തിരുന്നതായും ഇയാൾ മൊഴി നൽകി.
വന്യജീവി കടത്തുമായി ബന്ധപ്പെട്ട് കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും ആമകളെ എവിടെനിന്നാണ് എത്തിച്ചതെന്നുമുള്ള കാര്യങ്ങളിൽ DRI അന്വേഷണം തുടരുകയാണ്.