യശ്വന്ത്പുര APMC മാർക്കറ്റിൽ ബാലവേല കണ്ടെത്തിയതിനെ തുടർന്ന് അടിയന്തര നടപടി സ്വീകരിക്കാൻ പൊലീസിന് നിർദ്ദേശം നൽകി മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. മാർക്കറ്റിലെ അപ്രതീക്ഷിത സന്ദർശനത്തിനിടെയാണ് കുട്ടികളെ ജോലിക്കായി നിയോഗിച്ചിരിക്കുന്നതായി മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടത്.

സന്ദർശനത്തിനിടെ കർഷകരുമായും തൊഴിലാളികളുമായും വ്യാപാരികളുമായും ശിവകുമാർ സംസാരിച്ചു. ഇതിനിടെയാണ് മാർക്കറ്റിലെ ചില കടകളിൽ കുട്ടികളെ ജോലിക്കായി ഉപയോഗിക്കുന്നതായി അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. തുടർന്ന് മുഖ്യമന്ത്രി നേരിട്ട് നടത്തിയ പരിശോധനയിൽ കുട്ടികൾ ജോലി ചെയ്യുന്നതായി കണ്ടെത്തുകയായിരുന്നു.

വൈകുന്നേരത്തിനകം അടിയന്തര നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പൊലീസിന് നിർദ്ദേശം നൽകി. വീഴ്ച വരുത്തിയാൽ ഡിസിപി, എസിപി, ഡിഎസ്പി, സിഐ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കെതിരെ സസ്പെൻഷൻ നടപടി സ്വീകരിക്കേണ്ടിവരുമെന്നും ശിവകുമാർ മുന്നറിയിപ്പ് നൽകി.

തുടർന്ന് ബെംഗളൂരു നോർത്ത് ഡിവിഷൻ ഡെപ്യൂട്ടി കമ്മീഷണർ ബി.എസ്. നേമഗൗഡയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ച് മാർക്കറ്റിൽ പരിശോധന നടത്തി. പരിശോധനയിൽ 19 കുട്ടികളെ ബാലവേല ചെയ്യുന്ന നിലയിൽ കണ്ടെത്തി.

ഇവരിൽ 13 പേർ ബിഹാർ സ്വദേശികളാണ്. ഇതിൽ 12 ആൺകുട്ടികളും ഒരു പെൺകുട്ടിയുമുണ്ട്. രണ്ട് കുട്ടികൾ പശ്ചിമ ബംഗാൾ സ്വദേശികളും രണ്ട് പേർ ഉത്തർപ്രദേശ് സ്വദേശികളുമാണ്. ശേഷിക്കുന്ന രണ്ട് കുട്ടികൾ രാജസ്ഥാൻ, കർണാടക സ്വദേശികളാണ്.

ഇതിന് പുറമെ മാർക്കറ്റിന് സമീപത്തെ വഴിയോരങ്ങളിൽ ജോലി ചെയ്തിരുന്ന പത്തോളം കുട്ടികളെയും പൊലീസ് രക്ഷപ്പെടുത്തി. രക്ഷപ്പെടുത്തിയ കുട്ടികളെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സംരക്ഷണത്തിലേക്ക് മാറ്റി.

സംഭവത്തിൽ RMC യാർഡ് പൊലീസ് സ്റ്റേഷനിൽ നാല് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തു. കുട്ടികളെ ജോലിക്ക് നിയോഗിച്ച കടയുടമകൾക്കെതിരെയാണ് കേസെടുത്തത്. ചൈല്‍ഡ് ലേബര്‍ (പ്രൊഹിബിഷന്‍ ആന്‍ഡ് റെഗുലേഷന്‍) ആക്ട്, ജുവനൈല്‍ ജസ്റ്റിസ് ആക്ട് എന്നിവ പ്രകാരമാണ് കേസുകൾ രജിസ്റ്റർ ചെയ്തത്.

ഇതിന് പുറമെ ചൈല്‍ഡ് ആന്‍ഡ് അഡോളസെന്റ് ലേബര്‍ (പ്രൊഹിബിഷന്‍ ആന്‍ഡ് റെഗുലേഷന്‍) ആക്ട് പ്രകാരം അഞ്ച് കേസുകൾ കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബാലവേലയ്ക്ക് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തുന്നതിനുള്ള അന്വേഷണം പൊലീസ് തുടരുകയാണ്.

Related Posts