കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളം ഉപയോഗിക്കുന്ന യാത്രക്കാരുടെ ഫീസ് ഘടനയിൽ സെപ്റ്റംബർ 1 മുതൽ മാറ്റം. വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാരിൽനിന്നും ആദ്യമായി യൂസർ ഡെവലപ്മെന്റ് ഫീ (UDF) ഈടാക്കും. ആഭ്യന്തര, അന്താരാഷ്ട്ര യാത്രക്കാർക്ക് വ്യത്യസ്ത നിരക്കുകളായിരിക്കും. പുതിയ നിരക്ക് ഘടന 2031 മാർച്ച് 31 വരെ തുടരും.

ആഭ്യന്തര വിമാനത്തിൽ ബെംഗളൂരുവിലെത്തുന്നവർ – ₹125, അന്താരാഷ്ട്ര വിമാനത്തിൽ എത്തുന്നവർ – ₹426, ബെംഗളൂരുവിൽ നിന്ന് ആഭ്യന്തരമായി പുറപ്പെടുന്നവർ – ₹300, അന്താരാഷ്ട്ര യാത്രക്കാർ – ₹997 എന്നിങ്ങനെയാണ് UDF നിരക്കുകൾ.

നിലവിൽ ബെംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന ആഭ്യന്തര യാത്രക്കാർക്ക് ₹550യും അന്താരാഷ്ട്ര യാത്രക്കാർക്ക് ₹1,500യുമായിരുന്നു UDF. അതായത് പുറപ്പെടുന്ന യാത്രക്കാരുടെ ഫീസ് ഗണ്യമായി കുറയും.

പുതിയ നിരക്ക് വിമാന ടിക്കറ്റ് നിരക്കിനൊപ്പം ഈടാക്കുന്നതിനാൽ, ബെംഗളൂരുവിലേക്ക് വിമാനത്തിൽ എത്തുന്ന യാത്രക്കാരുടെ മൊത്തം യാത്രച്ചെലവിൽ ₹125 അല്ലെങ്കിൽ ₹426 അധികമായി വരും. അതേസമയം, ബെംഗളൂരുവിൽ നിന്ന് യാത്ര ചെയ്യുന്നവർക്ക് UDF കുറയുന്നതിനാൽ ആശ്വാസമാകും.

വിമാനത്താവളത്തിൻ്റെ അടിസ്ഥാന സൗകര്യ വികസനത്തിനും യാത്രക്കാർക്കുള്ള സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമുള്ള ചെലവുകൾ പരിഗണിച്ചാണ് പുതിയ താരിഫ് ഘടന. പുതിയ റൂട്ടുകളും ആവശ്യത്തിന് സർവീസ് ലഭിക്കാത്ത റൂട്ടുകളും ആരംഭിക്കുന്ന വിമാനക്കമ്പനികൾക്ക് ചില ലാൻഡിങ് ചാർജ് ഇളവുകളും നൽകും. കൂടുതൽ വിമാന സർവീസുകളും റൂട്ടുകളും പ്രോത്സാഹിപ്പിക്കുകയാണ് ഇതിൻ്റെ ലക്ഷ്യം.

Related Posts