സിദ്ധരാമയ്യ സർക്കാർ ആയിരംദിവസം പിന്നിട്ടു. ഹാവേരിയിൽ സംഘടിപ്പിച്ച ആഘോഷത്തിൽ സിദ്ധരാമയ്യക്കൊപ്പം ഡി.കെ. ശിവകുമാറും മറ്റു മന്ത്രിമാരും പങ്കെടുത്തു. സർക്കാർ ആയിരം ദിവസം പിന്നിട്ടത് സുപ്രധാന നാഴികക്കല്ലാണെന്ന് സിദ്ധരാമയ്യ പറഞ്ഞു. ആഘോഷചടങ്ങിൽ ഒരുലക്ഷം കുടുംബങ്ങൾക്ക് പട്ടയം വിതരണം ചെയ്തു.
രണ്ടരവർഷം കഴിയുമ്പോൾ മുഖ്യമന്ത്രിസ്ഥാനം കൈമാറണമെന്ന വാക്ക് പാലിക്കാത്തതിൽ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും അനുയായികളും അതൃപ്തി പ്രകടിപ്പിക്കുന്നതിനിടെയാണ് സർക്കാരിൻ്റെ ആയിരം ദിവസം തികയ്ക്കുന്നതിൻ്റെ ആഘോഷം നടന്നത്.
അതേസമയം, മുഖ്യമന്ത്രിസ്ഥാനം കൈമാറുന്നതുമായി ബന്ധപ്പെട്ട് പാർട്ടി ഹൈക്കമാൻഡ് താമസിയാതെ തീരുമാനമെടുക്കുമെന്ന് പാർട്ടിവൃത്തങ്ങൾ സൂചിപ്പിച്ചു. അസം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന യോഗത്തിൽ സംബന്ധിക്കാൻ ഡൽഹിയിലെത്തിയ ഡി.കെ. ശിവകുമാർ കഴിഞ്ഞദിവസം എ.ഐ.സി.സി. അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽഗാന്ധി, പ്രിയങ്കാഗാന്ധി എന്നിവരെ കണ്ടിരുന്നു.
ഹൈക്കമാൻഡ് വിഷയം ചർച്ചചെയ്യാൻ ഉടൻതന്നെ സിദ്ധരാമയ്യയെയും ഡി.കെ. ശിവകുമാറിനെയും വിളിപ്പിക്കുമെന്നാണ് വിവരം. ശുഭപ്രതീക്ഷയിലാണ് താൻ കഴിയുന്നതെന്ന് ശിവകുമാർ കഴിഞ്ഞ ദിവസം ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. മാർച്ച് ആറിന് നിയമസഭയുടെ ബജറ്റ് സമ്മേളനം ആരംഭിക്കുകയാണ്. സമ്മേളനം കഴിഞ്ഞാൽ അധികാരമാറ്റമുണ്ടായേക്കുമെന്നാണ് കരുതുന്നത്. അധികാരമൊഴിയുന്നതിനുമുൻപ് ഒരു ബജറ്റുകൂടി അവതരിപ്പിക്കുകയെന്നതാണ് സിദ്ധരാമയ്യയുടെ ആവശ്യം. സിദ്ധരാമയ്യയുടെ 17-ാമത്തെ ബജറ്റാണ് മാർച്ച് ആറിന് അവതരിപ്പിക്കാനിരിക്കുന്നത്. അതിനിടെ, പാർട്ടി ഹൈക്കമാൻഡിൻ്റെ നിർദേശം താൻ അംഗീകരിക്കുമെന്ന് സിദ്ധരാമയ്യ ശനിയാഴ്ചയും ആവർത്തിച്ചു. ഹൈക്കമാൻഡിൻ്റെ നിർദേശങ്ങൾ പാർട്ടിയുടെ എല്ലാ നേതാക്കളും പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.