നഗരത്തിലെ പാർക്കുകളുടെ സംരക്ഷണത്തിനും നവീകരണത്തിനും പൗരപങ്കാളിത്തം കൂടുതൽ ശക്തമാക്കാനുള്ള നീക്കവുമായി അധികൃതരും സന്നദ്ധസംഘടനകളും. പാർക്കുകൾ വൃത്തിയാക്കുക, മാലിന്യസംസ്‌കരണം മെച്ചപ്പെടുത്തുക, കൂടുതൽ തൈകൾ നട്ടുപിടിപ്പിക്കുക, നിലവിലുള്ള ഹരിത ഇടങ്ങൾ സംരക്ഷിക്കുക തുടങ്ങിയ പ്രവർത്തനങ്ങളിലാണ് പ്രധാന ശ്രദ്ധ.

നഗരത്തിലെ വിവിധ മേഖലകളിൽ ഇതിനകം തന്നെ വോളന്റിയർമാർ, റെസിഡന്റ്സ് അസോസിയേഷനുകൾ, വിദ്യാർഥികൾ, പരിസ്ഥിതി പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ ശുചീകരണ-വൃക്ഷത്തൈ നടീൽ പ്രവർത്തനങ്ങൾ നടന്നുവരുന്നുണ്ട്. അടുത്തിടെ ജെ.പി നഗർ, കോറമംഗല, രാജാജിനഗർ തുടങ്ങിയ മേഖലകളിലെ പാർക്കുകളിൽ 500-ലേറെ പേർ ഇത്തരം പ്രവർത്തനങ്ങളിൽ പങ്കെടുത്തിരുന്നു.

പാർക്കുകളുടെ പരിപാലനം സർക്കാർ സംവിധാനങ്ങളുടെ മാത്രം ഉത്തരവാദിത്വമല്ലെന്നും പ്രദേശവാസികളുടെ സജീവ പങ്കാളിത്തം ഹരിത ഇടങ്ങളുടെ സംരക്ഷണത്തിന് നിർണായകമാണെന്നുമാണ് പുതിയ പദ്ധതിയുടെ ലക്ഷ്യം.

അതേസമയം, പാർക്കുകളെ മഴവെള്ള സംഭരണത്തിനും ഭൂഗർഭജല പുനർനിറയ്ക്കലിനും ഉപയോഗപ്പെടുത്താനുള്ള നടപടികളും നഗരത്തിൽ പുരോഗമിക്കുകയാണ്. ഏകദേശം 600 പാർക്കുകളിൽ പരിശോധന നടത്തി 400 പുതിയ റീചാർജ് കിണറുകൾ സ്ഥാപിക്കാനാണ് അധികൃതരുടെ പദ്ധതി. നിലവിൽ നഗരത്തിലെ പാർക്കുകളിൽ ഏകദേശം 2,000 റീചാർജ് കിണറുകളുണ്ടെന്നാണ് റിപ്പോർട്ട്.

കൂടാതെ, നഗരത്തിലെ വിവിധ പ്രദേശങ്ങളിലെ ഉപയോഗിക്കപ്പെടാതെ കിടക്കുന്ന പൊതുസ്ഥലങ്ങളും ഹരിത ഇടങ്ങളാക്കി മാറ്റാനുള്ള പദ്ധതികളും മുന്നോട്ടുപോകുന്നുണ്ട്. പൗരസംഘടനകളെയും സ്ഥാപനങ്ങളെയും ഉൾപ്പെടുത്തി ഇത്തരം ഇടങ്ങളുടെ രൂപകൽപ്പന, പരിപാലനം എന്നിവയിൽ പങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള മാർഗനിർദേശങ്ങളും തയ്യാറാക്കുന്നുണ്ട്.

Related Posts