നടൻ പ്രകാശ് രാജിനെതിരെ ബെംഗളൂരു മജിസ്ട്രേറ്റ് കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു. ഒന്നിലധികം സംസ്ഥാനങ്ങളിൽ വോട്ടർ ഐഡികൾ കൈവശം വച്ചെന്ന പരാതിയുമായി ബന്ധപ്പെട്ട കേസിലാണ് കോടതി നടപടി.

ഇന്ത്യൻ തെരഞ്ഞെടുപ്പ് നിയമപ്രകാരം ഒരു വ്യക്തിക്ക് ഒരു സ്ഥലത്ത് മാത്രമേ വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്താനും വോട്ടർ തിരിച്ചറിയൽ കാർഡ് കൈവശം വയ്ക്കാനും അനുമതിയുള്ളു. എന്നാൽ കർണാടക, തമിഴ്നാട്, തെലങ്കാന സംസ്ഥാനങ്ങളിലായി പ്രകാശ് രാജിന് നാല് വോട്ടർ ഐഡികളുണ്ടെന്നാണ് പരാതിയിൽ ആരോപിക്കുന്നത്.

ബെംഗളൂരുവിലെ ശേഷാദ്രിപുരം സ്വദേശി കെ. ദിലീപ് കുമാർ നൽകിയ സ്വകാര്യ ഹർജിയിലാണ് കോടതിയുടെ നടപടി. ബെംഗളൂരുവിലെ ശാന്തിനഗർ, തെലങ്കാനയിലെ സെരിലിംഗംപള്ളി, തമിഴ്നാട്ടിലെ വേളാച്ചേരി എന്നിവിടങ്ങളിലായി വോട്ടർ ഐഡികളുണ്ടെന്നും വേളാച്ചേരിയിൽ രണ്ട് വോട്ടർ രേഖകൾ ഉണ്ടെന്നും പരാതിയിൽ പറയുന്നു.

കേസുമായി ബന്ധപ്പെട്ട് കോടതി പലതവണ സമൻസ് അയച്ചിട്ടും പ്രകാശ് രാജ് ഹാജരാകാതിരിക്കുകയും സമൻസുകൾ സ്വീകരിക്കാതിരിക്കുകയും ചെയ്തതോടെയാണ് കോടതി നിലപാട് കടുപ്പിച്ചത്. മുൻപ് പൊലീസിനും സിറ്റി പൊലീസ് കമ്മീഷണർക്കും പരാതി നൽകിയിരുന്നെങ്കിലും നടപടി ലഭിക്കാത്തതിനെ തുടർന്നാണ് പരാതിക്കാരൻ കോടതിയെ സമീപിച്ചത്.

തുടർച്ചയായി കോടതി നിർദേശങ്ങൾ പാലിക്കാതിരുന്നതിനെ തുടർന്നാണ് ജഡ്ജി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചത്. കേസിൻ്റെ തുടർ നടപടികൾ ഉടൻ ആരംഭിക്കുമെന്നാണ് സൂചന.

Related Posts