രാജ്യസഭാംഗത്വ കാലാവധി പൂർത്തിയായതിനെ തുടർന്ന് കേന്ദ്ര സഹമന്ത്രി സ്ഥാനം ജോർജ് കുര്യൻ രാജിവെച്ചു. അദ്ദേഹത്തിൻ്റെ രാജി രാഷ്ട്രപതി അംഗീകരിച്ചതായാണ് വിവരം. പാർട്ടി സംഘടനാ പ്രവർത്തനങ്ങളിലേക്ക് ജോർജ് കുര്യൻ മടങ്ങുമെന്നാണ് സൂചന.

രാജ്യസഭയിലേക്ക് വീണ്ടും പരിഗണിക്കപ്പെടാത്ത സാഹചര്യത്തിലാണ് രാജി. കേരളത്തിൽ സജീവമായി പ്രവർത്തിക്കാനുള്ള താൽപര്യം അദ്ദേഹം ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെങ്കിലും, ദേശീയ തലത്തിലോ സംസ്ഥാന തലത്തിലോ പുതിയ ചുമതല നൽകുമോ എന്ന കാര്യത്തിൽ പാർട്ടി ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല.

മൂന്നാം നരേന്ദ്ര മോദി മന്ത്രിസഭയിൽ 2024 ജൂൺ 9നാണ് ജോർജ് കുര്യൻ ന്യൂനപക്ഷകാര്യ, ഫിഷറീസ്, മൃഗസംരക്ഷണ വകുപ്പുകളുടെ സഹമന്ത്രിയായി ചുമതലയേറ്റത്. അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ നിന്ന് മത്സരിച്ചെങ്കിലും വിജയിക്കാനായിരുന്നില്ല.

ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ, ദേശീയ നിർവാഹക സമിതി അംഗം, കോർ കമ്മിറ്റി അംഗം, പാർട്ടി വക്താവ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള ജോർജ് കുര്യൻ, മുൻ കേന്ദ്രമന്ത്രി ഒ. രാജഗോപാലിൻ്റെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Related Posts