പരിഷ്കരിച്ച വഖഫ് നിയമ ഭേദഗതി ബിൽ ലോക്സഭയിൽ പാസായി. പ്രതിപക്ഷത്തിൻ്റെ ആവശ്യപ്രകാരം ഓരോ ഭേദഗതി നിർദേശത്തിലും പ്രത്യേകമായി വോട്ടെടുപ്പ് നടത്തിയാണ് ബിൽ ലോക്സഭയിൽ പാസാക്കിയെടുത്തത്. 288 എംപിമാർ ബില്ലിനെ അംഗീകരിച്ചപ്പോൾ 232 പേർ എതിർത്തും വോട്ടു ചെയ്തു. 12 മണിക്കൂർ മാരത്തൺ ചർച്ചകൾക്കൊടുവിൽ അർധരാത്രി 12 മണിക്ക് ശേഷമാണ് ഭേദഗതി ബിൽ ലോക്സഭയിൽ വോട്ടിനിട്ടത്. തുടർന്ന് രണ്ട് മണിക്കൂറോളം നീണ്ട നടപടിക്രമങ്ങൾക്കു ശേഷം പുലർച്ചെ രണ്ട് മണിയോടെയാണ് അന്തിമ വോട്ടോടുപ്പ് പൂർത്തിയായത്.
കേരളത്തിൽ നിന്നുള്ള എംപിമാരായ കെസി വേണുഗോപാലും എൻകെ പ്രേമചന്ദ്രനും മുന്നോട്ടുവെച്ച ഭേദഗതി നിർദേശങ്ങൾ വോട്ടിനിട്ട് സഭ തള്ളിക്കളഞ്ഞു. അതേസമയം വഖഫ് ഭരണം നവീകരിക്കുക, വഖഫ് സ്വത്തുക്കളുടെ കാര്യക്ഷമമായ നടത്തിപ്പ് ഉറപ്പാക്കുക, വ്യവഹാരങ്ങൾ കുറയ്ക്കുക എന്നിവ ലക്ഷ്യമിട്ട് നിലവിലുള്ള വഖഫ് നിയമത്തിന്മേൽ ഏകദേശം 40 പുതിയ ഭേദഗതികളാണ് നിർദ്ദേശിക്കപ്പെട്ടത്.
വഖഫ് ഭേദഗതി ബില്ലിൽ ലോക്സഭയിൽ നടന്ന ചർച്ചകൾക്കുള്ള മറുപടി പ്രസംഗത്തിൽ, ഈ ബില്ല് മുസ്ലീം സമൂഹത്തിന് എതിരാകുന്നത് എങ്ങനെയെന്ന് വിമർശിക്കുന്നവർ പറയണമെന്ന് കേന്ദ്ര പാർലമെൻ്ററി വകുപ്പ് മന്ത്രി കിരൺ റിജിജു. ചർച്ചയ്ക്കിടെ പല അംഗങ്ങളും ഭരണഘടന വിരുദ്ധമായ പരാമർശങ്ങൾ നടത്തി. പ്രതിപക്ഷം ഉന്നയിച്ചത് അടിസ്ഥാനരഹിതമായ വാദങ്ങളാണ്. മുസ്ലീങ്ങൾ സുരക്ഷിതരായിരിക്കും ആരും വിഭജനത്തിന് ശ്രമിക്കുന്നില്ല. എല്ലാ മുസ്ലീങ്ങളെയും ഒരുമിച്ച് നിർത്താനാണ് സർക്കാർ ശ്രമമെന്നും മുസ്ലിം സ്ത്രീകൾക്ക് കൂടി വേണ്ടിയാണ് ഈ ബില്ലെന്നും മന്ത്രി കിരൺ റിജിജു വ്യക്തമാക്കി