ഗുണ്ടാനേതാവിൻ്റെ പിറന്നാൾ ജയിലിൽ ആഘോഷിച്ചതിനെക്കുറിച്ച് കർണാടക സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന ഗുബ്ബാച്ചി സീന എന്നറിയപ്പെടുന്ന കുപ്രസിദ്ധ ഗുണ്ട ശ്രീനിവാസയുടെ പിറന്നാൾ ആഘോഷത്തിൻ്റെ വീഡിയോ ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചത്. ജയിൽ എഡിജിപി ബി. ദയാനനന്ദ ആണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
കൊലപാതകക്കേസിൽ ആണ് ഇയാൾ ജയിലിൽ ആയത്. ശ്രീനിവാസ സഹതടവുകാർക്ക് ഒപ്പംനിന്ന് കത്തി ഉപയോഗിച്ച് പിറന്നാൾ കെയ്ക്ക് മുറിച്ച് ആഘോഷിക്കുന്ന ദൃശ്യമാണ് പ്രചരിച്ചത്. പ്രചരിച്ച വീഡിയോ ഏതാനും മാസങ്ങൾക്കുമുൻപ് നടന്നതായിരിക്കുമെന്നാണ് വിലയിരുത്തൽ. നിരവധി കേസുകളിൽ പ്രതിയായ ശ്രീനിവാസ, ഗുണ്ടാനേതാവായ വെങ്കിടേശിനെ കൊലചെയ്തതിനാണ് അറസ്റ്റിലായത്. അതീവസുരക്ഷയിൽ ജയിലിൽ താമസിപ്പിച്ചിരിക്കുന്ന ശ്രീനിവാസയുടെ ആഘോഷവും മൊബൈൽ ഫോണിൽ പകർത്തിയതും ഗുരുതര വീഴ്‌ചയാണെന്നും വിശദമായ അന്വേഷണം വേണമെന്നും ആവശ്യം ഉയർന്നിരുന്നു.

Related Posts