നഗരത്തിലെ ഒഴിഞ്ഞുകിടക്കുന്ന പറമ്പുകളിൽ നിന്ന് മാലിന്യങ്ങളും കാടുകളും കെട്ടിടാവശിഷ്ടങ്ങളും നീക്കം ചെയ്യുന്നതിനായി ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (GBA) നൽകിയ സമയപരിധി ഇന്ന് അവസാനിക്കും. മുൻപ് ഓഗസ്റ്റ് 15 ആയിരുന്ന അവസാന തീയതി, ഉടമകളുടെ അഭ്യർത്ഥന മാനിച്ചാണ് ജി.ബി.എ ഓഗസ്റ്റ് 22 വരെ നീട്ടി നൽകിയത്.

പറമ്പുകളിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങളും കാടുകളും ഉടമകൾ സ്വന്തം ചെലവിൽ ഉടനടി വൃത്തിയാക്കണം, മറ്റുള്ളവർ അനധികൃതമായി മാലിന്യം തള്ളുന്നത് തടയാൻ ചുറ്റുമതിലോ കമ്പിവേലിയോ നിർമ്മിക്കുക എന്നിവയാണ് പ്രധാന നിർദ്ദേശങ്ങൾ:

നാളെ മുതൽ വൃത്തിയാക്കാത്ത പറമ്പുകൾ ജി.ബി.എ നേരിട്ട് വൃത്തിയാക്കാൻ ആരംഭിക്കും. ഇതിൻ്റെ ചെലവ് സർക്കാർ നിർണ്ണയിച്ച നിരക്കുകൾ പ്രകാരം കണക്കാക്കി ഉടമകളിൽ നിന്ന് ഈടാക്കും. ഇതിൽ വീഴ്ച വരുത്തുന്ന ഉടമകൾക്ക് ₹25,000 മുതൽ ₹1,00,000 വരെ പിഴ ചുമത്തും. പറമ്പിൻ്റെ വലിപ്പമനുസരിച്ച് ശുചീകരണത്തിനും മാലിന്യം കൊണ്ടുപോകുന്നതിനുമുള്ള തുക ഉടമയുടെ വരാനിരിക്കുന്ന പ്രോപ്പർട്ടി ടാക്സ് ബില്ലിൽ കൂട്ടിച്ചേർക്കും.

തുക അടച്ചുതീർക്കാതെ സ്ഥലത്തിൻ്റെ രജിസ്ട്രേഷനോ നിർമ്മാണ അനുമതിയോ നൽകില്ലെന്ന് അധികൃതർ വ്യക്തമാക്കി. നഗരത്തിൽ തുടരുന്ന ‘ഫ്രീഡം ഫ്രം വേസ്റ്റ്’ പ്രചാരണത്തിൻ്റെ ഭാഗമായാണ് ഈ നടപടി.

Related Posts