ബെംഗളൂരു യെലഹങ്കയിൽ 23കാരിയായ യുവതിയെ ഭർത്താവ് കൊന്ന് കെട്ടിത്തൂക്കി എന്ന് പരാതി. യെലഹങ്ക ടൗണിലെ വൃന്ദാവൻ ലേഔട്ടിലെ പവൻ കല്യാണിൻ്റെ ഭാര്യ ശ്രുതി മരിച്ച സംഭവത്തിലാണ് ബന്ധുക്കൾ പരാതിയുമായി പൊലീസിന് മുന്നിൽ എത്തിയിരിക്കുന്നത്. പൊലീസ് യുവതിയുടെ ബന്ധുക്കളുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പവൻ കല്യാൺ മുമ്പ് നിരവധി തവണ സ്ത്രീധനം ആവശ്യപ്പെട്ട് ശ്രുതിയെ ക്രൂരമായി ഉപദ്രവിച്ചിരുന്നതായി ബന്ധുക്കൾ ആരോപിച്ചു.
ശ്രുതിയെ കഴിഞ്ഞ ദിവസം രാവിലെ ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഭാര്യ ആത്മഹത്യ ചെയ്തതാണെന്നാണ് പവൻ കല്യാൺ ബന്ധുക്കളെ അറിയിച്ചത്. എന്നാൽ, ശ്രുതിയെ പവൻ കൊലപ്പെടുത്തിയതാണെന്നും മകൾ ആത്മഹത്യ ചെയ്യേണ്ട സാഹചര്യം ഇല്ലെന്നും ബന്ധുക്കൾ ആരോപിച്ചു. പവൻ കല്യാണിനും കുടുംബാംഗങ്ങൾക്കുമെതിരെ കേസെടുക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ നടപടിയെടുക്കുംവരെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് ബന്ധുക്കൾ അറിയിച്ചതോടെ പൊലീസ് കേസെടുക്കുകയായിരുന്നു.
പവൻ്റെ ഉപദ്രവം സഹിക്കാതെ വന്നതോടെ ശ്രുതി സ്വന്തം വീട്ടിലേക്ക് മടങ്ങിയെങ്കിലും ബന്ധുക്കൾ ഇടപെട്ട് തിരിച്ചയക്കുകയായിരുന്നു. ശ്രുതി ഭർതൃ വീട്ടിലേക്ക് മടങ്ങിയെത്തിയെങ്കിലും പവൻ കല്യാൺ ഉപദ്രവം തുടരുകയായിരുന്നു എന്ന് ബന്ധുക്കൾ പറയുന്നു. ശ്രുതി അവസാനം ഫോൺ ചെയ്‌തപ്പോഴും പവൻ്റെയും കുടുംബാംഗങ്ങളുടെയും ഭാഗത്തുനിന്നുള്ള മോശം പെരുമാറ്റദത്തെക്കുറിച്ചു അറിയിച്ചിരുന്നതായി ബന്ധുക്കൾ ആരോപിച്ചു. ന്യൂ യലഹങ്ക പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.