ദില്ലിയിലെ സത്യ നികേതനിൽ ഹോസ്റ്റൽ കെട്ടിടം തകർന്നുവീണ് ഏഴുപേർ മരിച്ച സംഭവത്തിൽ നിർണായക കണ്ടെത്തലുമായി പൊലീസ്. കെട്ടിടത്തിൻ്റെ അടിത്തറ ദുർബലമാണെന്ന് അറിയാമായിരുന്നിട്ടും കൂടുതൽ വാടക ലഭിക്കുന്നതിനായി ഉടമ ഹരിറാം ഗുപ്തയും സഹോദരനും ചേർന്ന് കെട്ടിടത്തിൽ നാല് നിലകൾ കൂടി നിർമ്മിച്ചതായി എഫ്‌ഐആറിൽ പറയുന്നു.

കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് കെട്ടിടം പിജി നടത്തിപ്പുകാരായ ‘ഹോസ്റ്റൽ ഡേസി’ന് കൈമാറിയതെന്ന് കെട്ടിട ഉടമയുടെ മകൻ മഹേഷ് ഗുപ്ത പൊലീസിന് മൊഴി നൽകി. കെട്ടിടത്തിൻ്റെ താഴത്തെ നിലയിലുണ്ടായിരുന്ന രണ്ട് കടമുറികൾ ഒന്നാക്കി മാറ്റിയതായും പൊലീസ് സ്ഥിരീകരിച്ചു.

നിർമാണത്തിനിടെ കെട്ടിടത്തിൻ്റെ ഭാരം താങ്ങിയിരുന്ന ഒരു മതിൽ നീക്കം ചെയ്തതായും ഇത് കെട്ടിടത്തിൻ്റെ സ്ഥിരതയെ ബാധിച്ചതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇതാണ് പിന്നീട് കെട്ടിടം തകർന്നുവീഴാൻ കാരണമായതെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. സംഭവസ്ഥലത്തുനിന്ന് ശേഖരിച്ച മണ്ണിൻ്റെ സാമ്പിളുകൾ ഫൊറൻസിക് പരിശോധനയ്ക്കായി അയച്ചു.

കെട്ടിടത്തിൽ നടന്നിരുന്ന നിർമാണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചിരുന്ന ലേബർ കോൺട്രാക്ടർ സനോജിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ കാസ്ഗഞ്ചിൽ നിന്നാണ് ഇയാളെ പിടികൂടി ദില്ലിയിലെത്തിച്ചത്.

അപകടത്തിന് പിന്നാലെ രാജസ്ഥാനിലെ ഭിവാഡിയിലുള്ള ഭാര്യവീട്ടിലേക്ക് കടന്നുകളഞ്ഞ കെട്ടിട ഉടമ ഹരിറാം ഗുപ്തയെയും പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ ഭാര്യ ഊർമ്മിള, മകൻ മഹേഷ് ഗുപ്ത എന്നിവരും അറസ്റ്റിലായിട്ടുണ്ട്.

ഹരിറാമിനെയും ഊർമ്മിളയെയും കോടതി 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. മഹേഷ് ഗുപ്തയെ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിലാണ് വിട്ടിരിക്കുന്നത്.

സംഭവത്തിന് പിന്നാലെ ദില്ലി സർക്കാർ സുരക്ഷാ നടപടികൾ ശക്തമാക്കി. പിജി ഹോസ്റ്റലുകൾ ഉൾപ്പെടെയുള്ള കെട്ടിടങ്ങളിൽ സുരക്ഷാ ഓഡിറ്റിങ് ആരംഭിച്ചു. ആദ്യഘട്ടത്തിൽ മുഖർജി നഗർ, സത്യ നികേതൻ, ലക്ഷ്മി നഗർ, സാകേത് മേഖലകളിലാണ് പരിശോധന നടക്കുന്നത്.

അനധികൃത നിർമാണം, കെട്ടിടങ്ങളുടെ ഘടനാപരമായ സുരക്ഷ, അഗ്നിസുരക്ഷാ സംവിധാനങ്ങൾ എന്നിവ ഉൾപ്പെടെയുള്ള കാര്യങ്ങളാണ് പരിശോധനയിൽ പ്രധാനമായും പരിശോധിക്കുന്നത്.

Related Posts