മുഖ്യമന്ത്രിയെ നേരിൽക്കണ്ട് പരാതി അറിയിക്കാൻ സെക്രട്ടേറിയറ്റിലെത്തിയ 79-കാരിയെ പോലീസ് മർദിച്ചതായി പരാതി. വർക്കല ഇടവ വെൺകുളം ചെമ്പകത്തിൻമൂട് കൽക്കൂട്ടംവിള വീട്ടിൽ ശാരദയാണ് ആരോപണവുമായി രംഗത്തെത്തിയത്. സമീപവാസി രണ്ടര ലക്ഷം രൂപ കടം വാങ്ങി തിരിച്ചുനൽകിയില്ലെന്ന പരാതിയിൽ അയിരൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസ് കോടതിയുടെ പരിഗണനയിലാണ്. പണം തിരികെ ലഭിക്കാത്തതിനെ തുടർന്ന് മുഖ്യമന്ത്രിയെ നേരിൽ കണ്ട് പരാതി ബോധിപ്പിക്കാനാണ് ശാരദ സെക്രട്ടേറിയറ്റിലെത്തിയത്.

ആദ്യ സന്ദർശനത്തിൽ പരാതി സ്വീകരിച്ച മുഖ്യമന്ത്രി രണ്ടുദിവസത്തിന് ശേഷം വീണ്ടും എത്താൻ നിർദേശിച്ചതായി ശാരദ പറയുന്നു. എന്നാൽ വീണ്ടും എത്തിയപ്പോൾ വനിതാ പോലീസുകാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ സെക്രട്ടേറിയറ്റിലേക്ക് പ്രവേശനം നിഷേധിച്ചെന്നാണ് ആരോപണം.

മുഖ്യമന്ത്രിയെ കണ്ടശേഷം മാത്രമേ മടങ്ങുകയുള്ളുവെന്ന് അറിയിച്ചതോടെ അഞ്ച് വനിതാ പോലീസുകാരും മൂന്ന് സിവിൽ പോലീസ് ഉദ്യോഗസ്ഥരും ചേർന്ന് ബലമായി പോലീസ് ജീപ്പിലേക്ക് കയറ്റിയെന്നാണ് ശാരദയുടെ ആരോപണം. ഇതിനിടെ നിലത്തുവീണ് മുഖത്ത് പരിക്കേറ്റതായും ജീപ്പിൽ നിന്ന് ഇറങ്ങാൻ ശ്രമിച്ചപ്പോൾ കൈകാലുകളിൽ പിടിച്ച് വീണ്ടും അകത്തേക്ക് വലിച്ചുകയറ്റിയതായും അവർ പറഞ്ഞു.

സംഭവത്തിൽ കൈകൾക്കും കാലുകൾക്കും മുഖത്തും പരിക്കേറ്റതായി ശാരദ ആരോപിച്ചു. തുടർന്ന് വർക്കല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയതായും ആൻജിയോപ്ലാസ്റ്റിക്ക് വിധേയയായ താൻ ഹൃദ്രോഗ ചികിത്സയിലാണെന്നും അവർ വ്യക്തമാക്കി. ആശുപത്രി അധികൃതർ മുഖേന പോലീസിന് റിപ്പോർട്ടും നൽകിയിട്ടുണ്ട്. അതേസമയം, കർശന സുരക്ഷയും നിരന്തര സന്ദർശക തിരക്കുമുള്ള സെക്രട്ടേറിയറ്റിൽ ഇത്തരമൊരു സംഭവം നടന്നുവെന്ന ആരോപണം പരിശോധിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു. സംഭവം സംബന്ധിച്ച് കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

Related Posts