ബൈജൂസ് സ്ഥാപകൻ ബൈജു രവീന്ദ്രൻ്റെ കുടുംബത്തിൻ്റെ ഉടമസ്ഥതയിലുള്ള 83.81 കോടി രൂപയുടെ ഭൂമി സ്വന്തമാക്കി പ്രമുഖ ഇ-കൊമേഴ്‌സ് കമ്പനിയായ മീശോയുടെ സഹസ്ഥാപകനും സിഇഒയുമായ വിദിത് ആത്രേ. ബെംഗളൂരുവിലെ ആഡംബര പാർപ്പിട മേഖലയായ എപ്സിലോൺ റെസിഡൻഷ്യൽ വില്ലാസിലെ രണ്ട് സ്ഥലങ്ങളാണ് വാങ്ങിയത്.

ബൈജു രവീന്ദ്രൻ്റെ ഭാര്യ ദിവ്യ ഗോകുൽനാഥ്, സഹോദരൻ റിജു രവീന്ദ്രൻ്റെ ഭാര്യ ദീപ്ത അഖില രാഘവൻ എന്നിവരിൽനിന്നാണ് ഭൂമി വാങ്ങിയത്. ദിവ്യയുടെ 18,305 ചതുരശ്ര അടി ഭൂമി 48.11 കോടി രൂപയ്ക്കും ദീപ്തയുടെ 15,180 ചതുരശ്ര അടി ഭൂമി 35.70 കോടി രൂപയ്ക്കുമാണ് സ്വന്തമാക്കിയത്. ആകെ 33,485 ചതുരശ്ര അടി ഭൂമിയാണിത്. ജൂലൈ 24ന് നടന്ന ഇടപാടുകളുടെ രജിസ്ട്രേഷൻ ജൂലൈ 27ന് പൂർത്തിയായി.

ബെംഗളൂരു ഈസ്റ്റിലെ യെമലൂരിലുള്ള എപ്സിലോൺ നഗരത്തിലെ പ്രമുഖ വ്യവസായികളുടെയും ടെക് കമ്പനികളുടെ ഉന്നത ഉദ്യോഗസ്ഥരുടെയും താമസകേന്ദ്രമാണ്. വിപ്രോ ചെയർമാൻ റിഷാദ് പ്രേംജി, ബ്രിട്ടാനിയ സിഇഒ വരുൺ ബെറി തുടങ്ങിയവരുടെ വസതികളും ഇവിടെയുണ്ട്.

ബൈജൂസ് കടുത്ത സാമ്പത്തിക പ്രതിസന്ധിയും നിയമനടപടികളും നേരിടുന്നതിനിടെയാണ് ഭൂമി വിൽപ്പന. ബിസിസിഐക്ക് നൽകാനുള്ള 158.9 കോടി രൂപയുടെ കുടിശ്ശികയുമായി ബന്ധപ്പെട്ട് 2024 ജൂലൈയിൽ ബൈജൂസിന്റെ മാതൃകമ്പനിയായ തിങ്ക് ആൻഡ് ലേൺ പാപ്പരത്ത നടപടികളിലേക്ക് കടന്നിരുന്നു. കുടിശ്ശിക പരിഹരിക്കാൻ സമാഹരിച്ച പണത്തിന് ഈ ഭൂമി ഈടായി നൽകിയിരുന്നതായും റിപ്പോർട്ടുകളുണ്ട്. കമ്പനിയുടെ സാമ്പത്തിക ബാധ്യതകളും കടക്കാരുമായുള്ള നിയമതർക്കങ്ങളും തുടരുന്നതിനിടെയാണ് കുടുംബത്തിൻ്റെ ഭൂമി വിൽപ്പന.

Related Posts