കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ്റെ സിറ്റി ബസിൽനിന്ന് 18 ലക്ഷം രൂപയുടെ സ്വർണം മോഷ്ടിച്ചു. രാമകൃഷ്ണനഗറിലെ ഹേമലതയുടെ കൈവശമുള്ള ആഭരണമാണ് മോഷ്ടിക്കപ്പെട്ടത്. ബല്ലാൽ സർക്കിളിനടുത്തുള്ള കനറ ബാങ്ക് ശാഖയിലെ ലോക്കറിൽനിന്ന് ആഭരണങ്ങൾ എടുത്ത് ഉച്ചക്ക് 2.30 ഓടെ രാമകൃഷ്ണനഗറിലേക്കുള്ള സിറ്റി ബസിൽ യുവതി കയറിയത്. യാത്രക്കിടയിൽ ബാഗിൽ നിന്നും ആഭരണങ്ങൾ മോഷ്ടിക്കുകയായിരുന്നു.
മൊബൈൽ എടുക്കാനായി ബാഗ് തുറന്നുനോക്കിയപ്പോൾ ആഭരണങ്ങൾ മോഷ്ടിക്കപ്പെട്ടതായി ശ്രദ്ധയിൽപെടുകയായിരുന്നു. തുടർന്നു കൂവെമ്പു നഗർ പൊലീസ് സ്റ്റേഷനിൽ ഹേമലത പരാതി നൽകി. കെ.എസ്.ആർ.ടി.സി ബ സ് യാത്രക്കാരെ ലക്ഷ്യംവെച്ചുള്ള പ്രഫഷനൽ മോഷ്ടാക്കളാണ് മോഷണത്തിന് പിറകിലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.