വരമഹാലക്ഷ്മി ഉത്സവത്തിനുള്ള ഒരുക്കങ്ങൾക്കിടെ വീട്ടിൽ സൂക്ഷിച്ചിരുന്ന 22.5 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ കാണാതായതായി പരാതി. ബെംഗളൂരു ജിഗണിക്ക് സമീപം തിരുപാള്യ സ്വദേശിനിയായ സ്വകാര്യ സ്ഥാപന ജീവനക്കാരി മഞ്ജുളയാണ് ഹെബ്ബഗോഡി പൊലീസിൽ പരാതി നൽകിയത്.
ഓഗസ്റ്റ് 15 മുതൽ 17 വരെ കുടുംബം നാട്ടിലേക്ക് പോയിരുന്നു. പോകുന്നതിനുമുമ്പ് വീടിൻ്റെ താക്കോൽ അയൽവാസിയെ ഏൽപ്പിച്ചിരുന്നതായാണ് പരാതിയിൽ പറയുന്നത്. അടുക്കളയിലെ ലോഫ്റ്റിൽ സൂക്ഷിച്ചിരുന്ന ആഭരണപ്പെട്ടിയിലാണ് സ്വർണം ഉണ്ടായിരുന്നത്.
ഓഗസ്റ്റ് 17ന് കുടുംബം വീട്ടിൽ തിരിച്ചെത്തിയെങ്കിലും ആഭരണങ്ങൾ പരിശോധിച്ചിരുന്നില്ല. ഓഗസ്റ്റ് 20ന് അർധരാത്രിയോടെ വരമഹാലക്ഷ്മി പൂജയ്ക്കായി ആഭരണങ്ങൾ എടുക്കാൻ ശ്രമിച്ചപ്പോഴാണ് സ്വർണം കാണാതായതായി കണ്ടെത്തിയത്.
വീട്ടിൽ വിശദമായി പരിശോധന നടത്തിയെങ്കിലും ആഭരണങ്ങൾ കണ്ടെത്താനായില്ല. തുടർന്ന് താക്കോൽ ഏൽപ്പിച്ചിരുന്ന അയൽവാസികളെ സംശയിച്ച് മഞ്ജുള പൊലീസിൽ പരാതി നൽകുകയായിരുന്നു.
അഞ്ച് മാലകൾ, നാല് മോതിരങ്ങൾ, ഒരു ജോഡി കമ്മൽ എന്നിവ ഉൾപ്പെടെ ഏകദേശം 225 ഗ്രാം സ്വർണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്. ഇവയുടെ ആകെ മൂല്യം ഏകദേശം 22.5 ലക്ഷം രൂപയാണ്.
ഹെബ്ബഗോഡി പൊലീസ് ഭാരതീയ ന്യായ സംഹിതയിലെ (BNS) 305-ാം വകുപ്പ് പ്രകാരം കേസെടുത്തു. എന്നാൽ മോഷണത്തിൽ അയൽവാസികൾക്ക് പങ്കുണ്ടെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്നും സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.