കേന്ദ്രസർക്കാർ നൽകിയ ഉറപ്പുകൾ പാലിച്ചില്ലെന്ന് ആരോപിച്ച് സിജെപി വീണ്ടും സമരത്തിനൊരുങ്ങുന്നു. സെപ്റ്റംബർ 5ന് രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കാനാണ് തീരുമാനം. ഡൽഹിയിൽ ഇന്ത്യാഗേറ്റിൽ നിന്ന് പൊലീസ് ആസ്ഥാനത്തേക്ക് മാർച്ച് നടത്തും.
ജൂലൈ 25ന് സമരം അവസാനിപ്പിക്കുന്നതിനിടെ കേന്ദ്രസർക്കാർ നൽകിയ ഉറപ്പുകൾ നടപ്പാക്കാത്ത സാഹചര്യത്തിലാണ് വീണ്ടും പ്രതിഷേധവുമായി രംഗത്തെത്തുന്നതെന്ന് സിജെപി അറിയിച്ചു. പൊലീസ് അതിക്രമത്തിൽ പരുക്കേറ്റവരും ആത്മഹത്യ ചെയ്ത വിദ്യാർഥികളുടെ കുടുംബാംഗങ്ങളും പ്രതിഷേധത്തിൽ പങ്കെടുക്കും.
നീറ്റ് ചോദ്യപേപ്പർ ചോർച്ചക്കെതിരായ സമരത്തിൽ പങ്കെടുത്ത പ്രതിഷേധക്കാർക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കണമെന്നും ആത്മഹത്യ ചെയ്ത വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം ധനസഹായം നൽകണമെന്നും നേരത്തെ കേന്ദ്രം ഉറപ്പ് നൽകിയിരുന്നുവെന്നാണ് സിജെപിയുടെ ആരോപണം. എന്നാൽ ഇവയിൽ കാര്യമായ പുരോഗതിയുണ്ടായിട്ടില്ലെന്നും സംഘടന വ്യക്തമാക്കി.
പ്രതിഷേധക്കാർക്കെതിരെയുള്ള എഫ്ഐആറുകളുടെ പട്ടിക സമർപ്പിക്കാൻ സുപ്രീംകോടതി മൂന്ന് തവണ ആവശ്യപ്പെട്ടിട്ടും കേന്ദ്രം പട്ടിക സമർപ്പിച്ചില്ലെന്നും സിജെപി ആരോപിച്ചു. കേന്ദ്രം വാഗ്ദാനങ്ങളിൽ നിന്ന് പിന്മാറുന്നത് രാജ്യത്തെ യുവാക്കളോടുള്ള വഞ്ചനയാണെന്നും സംഘടന പ്രസ്താവനയിൽ പറഞ്ഞു.
സെപ്റ്റംബർ 5ലെ മാർച്ചിന് മുന്നോടിയായി രാജ്യവ്യാപകമായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനും സിജെപി തീരുമാനിച്ചിട്ടുണ്ട്.