രഞ്ജി ട്രോഫി മത്സരത്തിൽ കേരളത്തിൻ്റെ ബൗളർമാർക്കു മുന്നിൽ ബംഗാളിന് ബാറ്റിങ് തകർച്ച. ഒന്നാം ദിനം കളി നിർത്തുമ്പോൾ ബംഗാൾ ആറു വിക്കറ്റ് നഷ്ടത്തിൽ 172 റൺസെന്ന നിലയിലാണ്. കേരളത്തിനായി ആദിത്യ സർവാതെ മൂന്ന് വിക്കറ്റും എൻ.പി. ബേസിൽ രണ്ട് വിക്കറ്റും വീഴ്ത്തി.

മഴയെ തുടർന്ന് മൂന്ന് മണിക്കൂറോളം വൈകിയാണ് മത്സരം ആരംഭിച്ചത്. ടോസ് നേടിയ കേരള ക്യാപ്റ്റൻ വിഷ്ണു വിനോദ് ബംഗാളിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ആദ്യ പന്തിൽ ബൗണ്ടറിയുമായി തുടങ്ങിയ അഭിമന്യു ഈശ്വരനും അങ്കുർ പോളും ബംഗാളിന് മികച്ച തുടക്കം നൽകിയെങ്കിലും അഞ്ചാം ഓവറിൽ അഭിമന്യു (10) മടങ്ങി.

ആമിർ ഗനി 14 റൺസെടുത്ത് ബേസിലിൻ്റെ പന്തിൽ പുറത്തായി. അങ്കുർ പോൾ 66 റൺസുമായി ബാറ്റിങ് തുടരുന്നതിനിടെ ആദിത്യ സർവാതെയുടെ പന്തിൽ അഭിഷേക് പി. നായർക്ക് ക്യാച്ച് നൽകി മടങ്ങി. പിന്നാലെ സുധീപ് ചാറ്റർജിയെയും അഭിഷേക് പോറലിനെയും പുറത്താക്കി സർവാതെ ബംഗാളിനെ കൂടുതൽ പ്രതിരോധത്തിലാക്കി.

അഞ്ച് വിക്കറ്റിന് 108 റൺസെന്ന നിലയിൽ തകർന്ന ബംഗാളിനെ ആറാം വിക്കറ്റിൽ സുധീപ് കുമാർ ഘരാമിയും ഷഹബാസ് അഹമ്മദും ചേർന്നാണ് കരകയറ്റിയത്. ഘരാമി 36 റൺസുമായും ഷഹബാസ് 35 റൺസുമായും പുറത്താകാതെ നിൽക്കുന്നു.

Related Posts