വമ്പൻ പോരാട്ടങ്ങളാണ് ക്ലബ് ഫുട്‌ബോൾ ലോകകപ്പ് നോക്കൗട്ട് റൗണ്ട് കാത്തിരിക്കുന്നത്. റയൽ മഡ്രിഡ്, ബയേൺ മ്യൂണിക്, ഇന്റർ മിലാൻ, മാഞ്ചെസ്റ്റർ സിറ്റി, ചെൽസി തുടങ്ങിയ യൂറോപ്യൻ മുൻനിര ടീമുകളായവ പ്രീക്വാർട്ടറിൽ സ്ഥാനം നേടി. ബ്രസീലിൽ നിന്നുള്ള 4 ടീമുകളും മുന്നേറി.
ശനിയാഴ്‌ച ബ്രസീൽ ക്ലബ്ബുകളുടെ നേർക്കുനേർ പോരാട്ടത്തിന് ചാമ്പ്യൻഷിപ്പ് വേദിയാവും. നിലവിലെ ബ്രസീൽ, സൗത്ത് അമേരിക്കൻ ചാമ്പ്യന്മാരായ ബോട്ടാഫോഗൊ ടീം പാൽമിറാസിനെയാണ് നേരിടുന്നത്. രാത്രി 9.30-നാണ് മത്സരം. ബോട്ടാഫോഗൊ കടന്നുവന്നത് യൂറോപ്യൻ ചാമ്പ്യന്മാരായ പിഎസ്‌ജിയെ കീഴടക്കിയാണ്. പാൽമിറാസിന് കഴിഞ്ഞ 5 കളികളിലും ബോട്ടാഫോഗൊയെ കീഴടക്കാനായിട്ടില്ല. എന്നാൽ, ബ്രസീൽ ലീഗിൽ ബോട്ടാഫൊഗൊക്ക് മുന്നിലാണ് പാൽമിറാസ്.
പോർച്ചുഗൽ ക്ലബ് ബെൻഫിക്കയെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് മുൻചാമ്പ്യന്മാരായ ചെൽസി ശനിയാഴ്‌ച രാത്രി 1.30-ന് നേരിടും. എൻസൊ മരേസ്‌കയുടെ ലണ്ടൻ ടീം ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായാണ് യോഗ്യതനേടിയത്. ജർമൻ വമ്പന്മാരായ ബയേൺ മ്യൂണിക്കിനെ പോർച്ചുഗൽ പവർഹൗസായ ബെൻഫിക്ക ഞെട്ടിച്ചാണ് നോക്കൗട്ടിലെത്തിയത്. ചെൽസിക്കെതിരേയും അട്ടിമറിയാണ് പോർച്ചുഗൽ ടീമിൻ്റെ ലക്ഷ്യം.