ലൈംഗിക പീഡനക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിലിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ പത്തനംതിട്ട ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ പ്രതിയെ ഹാജരാക്കും. പ്രത്യേക അന്വേഷണ സംഘം തുടർ കസ്റ്റഡി ആവശ്യപ്പെടില്ലെന്നാണ് വിവരം. രാഹുലിനെ തിരികെ ജയിലിലേക്ക് അയക്കും. നാളെ തിരുവല്ല കോടതി രാഹുൽ സമർപ്പിച്ച ജാമ്യഹർജി പരിഗണിക്കാനും സാദ്ധ്യതയുണ്ട്.
ഇതുവരെ രാഹുൽ മാങ്കൂട്ടത്തിൽ അന്വേഷണവുമായി പൂർണമായി സഹകരിച്ചിട്ടില്ലെന്നാണ് വിവരം ഡിജിറ്റൽ തെളിവുകളടക്കം ശേഖരിക്കാൻ ശ്രമിക്കുകയാണ് പൊലീസ്. നേരത്തെ രാഹുലിന്റെ കൈവശമുണ്ടായിരുന്ന രണ്ട് മൊബൈൽഫോണുകൾ കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന്റെ പാസ്വേർഡ് നൽകാൻ രാഹുൽ തയ്യാറായിട്ടില്ല രണ്ട് ഫോണുകളിലും കേസിന് അനുകൂലമായ തെളിവുകൾ ഉണ്ടെന്നും ഇവ പൊലീസിന്റെ കൈയിൽ കിട്ടിയാൽ നശിപ്പിക്കുമെന്നുമാണ് രാഹുലിൻ്റെ വാദം.