ലൈംഗിക ആരോപണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പാലക്കാട്ടേക്ക് എത്തി. വിവാദമുണ്ടായതിന് ശേഷം 38 ദിവസം കഴിഞ്ഞാണ് രാഹുൽ മണ്ഡലത്തിലെത്തിയത്. പ്രതിഷേധം ഉയരാൻ സാദ്ധ്യതയുള്ളതിനാൽ കനത്ത പൊലീസ് സുരക്ഷയാണ് എം എൽ എ ഓഫീസിന് ഏർപ്പെടുത്തിയിരിക്കുന്നത്. രാഹുൽ പാലക്കാട് എത്തിയാൽ തടയുമെന്ന് ബി ജെ പിയും ഡി വൈ എഫ് ഐയുമൊക്കെ നേരത്തെ പ്രതികരിച്ചിരുന്നു. എം എൽ എ ഓഫീസിലേക്ക് എത്തിയാലും പ്രതിഷേധം ഉണ്ടാകുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.

പ്രാദേശിക കോൺഗ്രസ് നേതാക്കളെയെല്ലാം വിളിച്ചറിയിച്ച ശേഷമാണ് രാഹുൽ എത്തിയതെന്നാണ് വിവരം. അടൂരിലെ വീട്ടിൽ നിന്ന് ഇന്ന് പുലർച്ചെയോടെയാണ് രാഹുൽ പുറപ്പെട്ടത്. പാലക്കാട്ടെ പ്രാദേശിക കോൺഗ്രസ് നേതാവിൻ്റെ മരണവീട്ടിലേക്കാണ് നേരെ പോയത്. അദ്ദേഹം ഉടൻ മാദ്ധ്യമങ്ങളെ കണ്ടേക്കും.

തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ രാഹുൽ മണ്ഡലത്തിൽ സജീവമാകണമെന്ന് പല നേതാക്കളും അഭിപ്രായപ്പെട്ടിരുന്നു. ആരോപണങ്ങൾ ഒരുപാടുണ്ടായെങ്കിലും ഒരു സ്ത്രീ പോലും പരാതി നൽകിയിട്ടില്ലെന്നും അതിനാൽ രാഹുൽ മാറിനിൽക്കേണ്ട ആവശ്യമില്ലെന്നുമാണ് പല നേതാക്കളും പറയുന്നത്. എന്നാൽ രാഹുൽ ആരോപണങ്ങൾ നിഷേധിക്കാത്തതിനെതിരെ പാർട്ടിക്കുള്ളിൽത്തന്നെ വിമർശനം ഉയർന്നിരുന്നു.

Related Posts