തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ. സുഗതൻ ഇന്ന് വിയ്യൂർ സെൻട്രൽ ജയിലിൽ സത്യപ്രതിജ്ഞ ചെയ്യും. കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിൽ കഴിയുന്ന സുഗതൻ്റെ സത്യപ്രതിജ്ഞ രാവിലെ 11 മണിക്ക് ജയിൽ സൂപ്രണ്ടിൻ്റെ ഓഫീസിലാണ് നടക്കുക.
കേരള ചരിത്രത്തിൽ ആദ്യമായാണ് ഒരു ജനപ്രതിനിധി ജയിലിനുള്ളിൽ സത്യപ്രതിജ്ഞ ചെയ്യുന്നത്. ജൂൺ 9 മുതൽ കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിൽ കഴിയുന്ന സുഗതന് ഹൈക്കോടതിയുടെ പ്രത്യേക ഉത്തരവിനെ തുടർന്നാണ് ഈ സൗകര്യം ഒരുക്കുന്നത്.
ജനവിധിയെ സംരക്ഷിക്കേണ്ടത് കോടതിയുടെ ഉത്തരവാദിത്തമാണെന്നും ജനാധിപത്യ പ്രക്രിയ തടസപ്പെടാൻ പാടില്ലെന്നുമാണ് ഹൈക്കോടതി നിരീക്ഷിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സത്യപ്രതിജ്ഞ നടത്താൻ ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കാൻ സംസ്ഥാന സർക്കാരിനോട് കോടതി നിർദേശിച്ചത്.
ജയിലിൽ സത്യപ്രതിജ്ഞ നടത്തുന്നതിനെക്കുറിച്ച് സർക്കാരിൻ്റെ നിലപാടും ഹൈക്കോടതി തേടിയിരുന്നു. കോടതി നിർദേശിച്ചാൽ എല്ലാ സൗകര്യങ്ങളും ഒരുക്കാമെന്ന് സർക്കാർ അറിയിച്ചെങ്കിലും, കാപ്പ നിയമപ്രകാരം തടങ്കലിലുള്ള വ്യക്തിക്ക് ഭരണഘടനാപരമായി പ്രത്യേക അവകാശങ്ങളില്ലെന്ന നിലപാടും കോടതിയിൽ വ്യക്തമാക്കിയിരുന്നു.