എ.ഡി.എം നവീന്‍ ബാബുവിനെ പരസ്യമായി അപമാനിക്കാന്‍ പി.പി. ദിവ്യ ആസൂത്രിതമായി നീക്കം നടത്തിയതായി മൊഴികള്‍. നവീന്‍ ബാബുവിൻ്റെ മരണത്തേക്കുറിച്ച് അന്വേഷിച്ച ലാന്‍ഡ് റവന്യൂ ജോയിൻ്റ് കമ്മിഷണര്‍ എ. ഗീതയുടെ റിപ്പോര്‍ട്ടിലാണ് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ അധ്യക്ഷയ്‌ക്കെതിരായ മൊഴി ഉൾപ്പെട്ടിരിക്കുന്നത്.

പരിപാടി ചിത്രീകരിക്കാന്‍ ആവശ്യപ്പെട്ടതും ദൃശ്യങ്ങള്‍ കൈപ്പറ്റിയതും ദിവ്യയാണെന്ന് പ്രാദേശിക ചാനലായ കണ്ണൂര്‍വിഷന്‍ പ്രതിനിധികള്‍ ലാന്‍ഡ് റവന്യൂ ജോയിൻ്റ് കമ്മിഷണര്‍ക്ക് മൊഴി നല്‍കി. പെട്രോള്‍ പമ്പിൻ്റെ അനുമതിക്കായി നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ആദ്യം യാത്രയയപ്പ് തീരുമാനിച്ചത് ഒക്ടോബര്‍ 11-നായിരുന്നു. അന്ന് അവധി പ്രഖ്യാപിച്ചതിനാല്‍ ചടങ്ങ് മാറ്റി.

തന്നെ പി.പി. ദിവ്യ പലതവണ വിളിച്ചെന്നും കളക്ടര്‍ മൊഴി നല്‍കി. യാത്രയയപ്പ് ചടങ്ങിലേക്ക് ദിവ്യ യാദൃച്ഛികമായി വന്നതാണെന്ന വാദങ്ങളെ തള്ളുന്നതാണ് മൊഴികള്‍. ദിവ്യയുടെ സഹായി ചടങ്ങിന് മുമ്പ് നാലുവട്ടം കളക്ടറുടെ സ്റ്റാഫിനെ വിളിച്ചുവെന്നും റിപ്പോര്‍ട്ടിലുണ്ട്. സെൻ്റ് ഓഫിന് പി.പി. ദിവ്യയെ ക്ഷണിച്ചതിന് തെളിവുകളൊന്നുമില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Posts