തൃശൂർ കുന്നംകുളത്ത് നിയന്ത്രണം നഷ്ടപ്പെട്ട സ്വകാര്യബസ് കാറും ഓട്ടോറിക്ഷയും ബൈക്കുകളും ഉൾപ്പെടെ അഞ്ച് വാഹനങ്ങളിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവതി മരിച്ചു. അപകടത്തിൽ എട്ട് പേർക്ക് പരിക്കേറ്റതിൽ രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. റിയ ഫാത്തിമ (18) ആണ് മരിച്ചത്.

ഇന്ന് ഉച്ചയോടെ കുന്നംകുളം പാറേമ്പാടത്താണ് അപകടമുണ്ടായത്. അമിതവേഗത്തിൽ എത്തിയ സ്വകാര്യബസ് ആദ്യം കാറിലും ഓട്ടോറിക്ഷയിലും തുടർന്ന് ബൈക്കുകളിലും ഇടിച്ചുകയറുകയായിരുന്നു. വാഹനങ്ങളിൽ ഇടിച്ചശേഷം റോഡരികിലെ മതിൽ തകർത്താണ് ബസ് നിന്നത്. അപകടത്തിൽ പരിക്കേറ്റവരെ നാട്ടുകാരും പോലീസും ചേർന്ന് ഉടൻ സമീപത്തെ ആശുപത്രികളിലെത്തിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരുടെ ചികിത്സ തുടരുകയാണ്.

അപകടത്തെ തുടർന്ന് പ്രദേശത്ത് ഏറെ നേരം ഗതാഗത തടസ്സം അനുഭവപ്പെട്ടു. പോലീസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും അപകടത്തിൽപ്പെട്ട വാഹനങ്ങൾ റോഡിൽ നിന്ന് നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തു. ബസിൻ്റെ അമിതവേഗമാണ് അപകടത്തിന് കാരണമെന്നാണ് ദൃക്സാക്ഷികളുടെ പ്രാഥമിക മൊഴി. സംഭവത്തിൽ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു.

Related Posts