തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വമ്പൻ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. എൽഡിഎഫിന് പ്രതീക്ഷകൾക്കും അപ്പുറമുള്ള തിരിച്ചടി ആണ് കിട്ടിയിരിക്കുന്നത്. തിരുവനന്തപുരം മുതൽ കാസർകോട് വരെ തകർന്നടിഞ്ഞിരുക്കുകയാണ് എൽഡിഎഫ്.
ഇടതുപക്ഷത്തിൻ്റെ മൂന്നാം എൽഡിഎഫ് സർക്കാറെന്ന സ്വപ്നങ്ങൾക്ക് തിരിച്ചടിയായാണ് തദ്ദേശ തെരഞ്ഞെടുപ്പ് ഫല സൂചന പുറത്ത് വരുന്നത്. തിരുവനന്തപുരം മുതൽ കാസർകോട് വരെ യുഡിഎഫ് വ്യക്തമായ മുന്നേറ്റമുണ്ടാക്കുകയും എൻഡിഎ പ്രബലമായ കക്ഷിയായി ഉയർന്നുവരികയും ചെയ്തതായാണ് ഫലം സൂചിപ്പിക്കുന്നത്. കോർപ്പറേഷനുകൾ, മുനിസിപ്പാലിറ്റികൾ, ത്രിതല പഞ്ചായത്തുകൾ തുടങ്ങിയ സമസ്ത രംഗത്തും യുഡിഎഫ് മുന്നിട്ട് നിൽക്കുന്നു.
തദ്ദേശ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാകുമെന്ന പാർട്ടി വിലയിരുത്തലിൽ നിന്നാണ് അപ്രതീക്ഷിതമായ തകർച്ച നേരിട്ടതെന്നതും ശ്രദ്ധേയം. അതേസമയം ഭരണപരാജയം, ശബരിമല എന്നിവ മുൻനിർത്തിയായിരുന്നു യുഡിഎഫ് പ്രചാരണം. തദ്ദേശ സ്ഥാപനങ്ങളിലെ വിവിധ സേവനങ്ങളുടെ ഫീസ് വർധന, വിലക്കയറ്റം തുടങ്ങിയവും യുഡിഎഫ് പ്രചാരണായുധമാക്കി. ശബരിമല സ്വർണപ്പാളി വിവാദമുപയോഗിച്ച് രാഹുൽ മാങ്കൂട്ടം വിഷയം പ്രതിരോധിച്ചത് ഫലം കണ്ടുവെന്നതാണ് ഫലം സൂചിപ്പിക്കുന്നത്.