സംസ്ഥാനത്ത് അവയവദാനവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ കൂടുതൽ കർശനമാക്കാൻ സർക്കാർ ഒരുങ്ങുന്നു. അവയവക്കച്ചവടവുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ നിർണായക കണ്ടെത്തലുകളുടെ പശ്ചാത്തലത്തിലാണ് പുതിയ മാർഗനിർദേശങ്ങൾ തയ്യാറാക്കുന്നത്. അവയവദാന നോഡൽ ഏജൻസിയായ കെ-സോട്ടോ (K-SOTTO) ഇതിനായുള്ള കരട് മാർഗനിർദേശങ്ങൾ വിവിധ ആശുപത്രികൾക്ക് കൈമാറിയിട്ടുണ്ട്.
സ്വകാര്യ ആശുപത്രികൾ കേന്ദ്രീകരിച്ച് വ്യാപകമായി അവയവക്കച്ചവടം നടക്കുന്നതായുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് 2010-ലെ നിലവിലെ വ്യവസ്ഥകൾ പരിഷ്കരിക്കാൻ തീരുമാനിച്ചത്.
പുതിയ കരട് പ്രകാരം, ബന്ധുക്കളല്ലാത്തവർക്കിടയിലെ അവയവദാനത്തിന് ഇനി പൊലീസ് നടത്തുന്ന പ്രത്യേക അന്വേഷണ റിപ്പോർട്ട് നിർബന്ധമാകും. ദാതാവ് ദിവസവേതന തൊഴിലാളിയല്ലെങ്കിൽ തൊഴിൽ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും നിർദേശമുണ്ട്.
സ്ത്രീ ദാതാക്കളുടെ കാര്യത്തിൽ കൂടുതൽ പരിശോധനകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. അച്ഛൻ, അമ്മ, മക്കൾ, ഭർത്താവ് തുടങ്ങിയ അടുത്ത ബന്ധുക്കളുടെ സമ്മതം നിർബന്ധമാക്കും. ഭർത്താവിന് പകരം മറ്റൊരാൾക്ക് അവയവം നൽകുന്നതിൻ്റെ കാരണം വ്യക്തമാക്കുകയും ദാതാവിൻ്റെയും ഭർത്താവിൻ്റെയും കഴിഞ്ഞ ഒരു വർഷത്തെ ബാങ്ക് സ്റ്റേറ്റ്മെന്റുകൾ സമർപ്പിക്കുകയും വേണം.
ബന്ധം തെളിയിക്കാൻ സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകളോ എംഎൽഎ, എംപി എന്നിവരുടെ ശുപാർശക്കത്തുകളോ ഇനി സ്വീകരിക്കില്ല. പകരം ഔദ്യോഗിക രേഖകൾ ഹാജരാക്കേണ്ടതായിരിക്കും.
ദാതാവിൻ്റെയും സാക്ഷികളുടെയും സമ്മതമൊഴികൾ വീഡിയോയിൽ രേഖപ്പെടുത്തുക, മാനസികാരോഗ്യ പരിശോധന നടത്തി ദാതാവിൻ്റെ ബോധപൂർവമായ സമ്മതം ഉറപ്പാക്കുക, ദാതാവിൻ്റെ ദീർഘകാല ആരോഗ്യപരിചരണത്തിനായി ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുക തുടങ്ങിയ വ്യവസ്ഥകളും പുതിയ കരടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ആശുപത്രി അധികൃതരുമായി ചർച്ചകൾ പൂർത്തിയാക്കിയ ശേഷം അന്തിമ മാർഗനിർദേശങ്ങൾ സർക്കാർ ഉടൻ പുറത്തിറക്കുമെന്നാണ് വിവരം. പുതിയ ചട്ടങ്ങൾ നിലവിൽ വരുന്നതോടെ അവയവദാന രംഗത്ത് കൂടുതൽ സുതാര്യതയും അവയവക്കച്ചവടം തടയുന്നതിൽ കൂടുതൽ ഫലപ്രദമായ നിയന്ത്രണവും ഉറപ്പാക്കാനാകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.