പ്രസ്റ്റീജ് ഫിൻസ്ബറി പാർക്ക് അപ്പാർട്ട്മെന്റ് മലയാളി അസോസിയേഷൻ്റെ നേതൃത്വത്തിൽ നടന്ന രണ്ടുദിവസത്തെ ഓണാഘോഷം വൈവിധ്യമാർന്ന പരിപാടികളോടെ വർണാഭമായി.
വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരുടെ പങ്കാളിത്തത്തോടെ നടന്ന ആഘോഷത്തിൽ നൂറിൽ പരം വനിതകൾ അണിനിരന്ന മെഗാ തിരുവാതിരയും ആറന്മുള വള്ളപ്പാട്ടും ശ്രദ്ധേയമായി. വാശിയേറിയ വടംവലി മത്സരത്തിൽ ഫിൻസ്ബറി ടസ്കേഴ്സ് ജേതാക്കളായി.
മാവേലിയോടൊപ്പമുള്ള താലപ്പൊലി ഘോഷയാത്ര, പുലിക്കളി, ശിങ്കാരിമേളം എന്നിവ ആഘോഷത്തിന് കേരളീയ തനിമ പകർന്നു. കുട്ടികളുടെ കായിക മത്സരങ്ങളും ഫുട്ബോൾ പെനാൽറ്റി ഷൂട്ടൗട്ടും അരങ്ങേറി.
ഓണസദ്യയ്ക്കും വിവിധ കലാപരിപാടികൾക്കും ശേഷം നടന്ന മ്യൂസിക്കൽ നൈറ്റോടെ രണ്ടുദിവസത്തെ ഓണാഘോഷത്തിന് സമാപനമായി.
