മലയാള സിനിമയുടെ മറ്റ് സംസ്ഥാനങ്ങളിലെ മാര്‍ക്കറ്റില്‍ സമീപകാലത്ത് വലിയ വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. ചെന്നൈയിലും ബെംഗളൂരുവിലുമൊക്കെ നേരത്തേ തന്നെ മലയാള ചിത്രങ്ങള്‍ക്ക് റിലീസ് ഉണ്ടായിരുന്നെങ്കിലും കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലാണ് ലഭിക്കുന്ന സ്‌ക്രീന്‍ കൗണ്ടില്‍ കാര്യമായ വര്‍ധനവുണ്ടായത്. ഇത് കളക്ഷനിലും പ്രതിഫലിക്കുന്നുണ്ട്. ഇതിനൊപ്പം മലയാള ചിത്രങ്ങളുടെ ഡബ്ബിംഗ് പതിപ്പുകള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ സ്വീകാര്യത വര്‍ധിച്ചുവരികയാണ്.
ഇപ്പോഴിതാ കര്‍ണാടകത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മലയാള സിനിമകളുടെ പട്ടിക പുറത്തുവന്നിരിക്കുകയാണ്. പ്രമുഖ ട്രാക്കറായ കര്‍ണാടക ടാക്കീസ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 15.8 കോടി രൂപ കളക്ഷനുമായി ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ ആണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.
15.15 കോടി രൂപ നേടിയ ‘ലോക’യാണ് രണ്ടാം സ്ഥാനത്ത്. 14.22 കോടി രൂപ കളക്ഷനുമായി ‘ദൃശ്യം 3’ മൂന്നാം സ്ഥാനത്തും 12.65 കോടി രൂപ നേടിയ ‘എമ്പുരാന്‍’ നാലാം സ്ഥാനത്തുമാണ്.
നിലവില്‍ തിയറ്ററുകളില്‍ മികച്ച കുതിപ്പ് തുടരുന്ന ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ 11.43 കോടി രൂപ കളക്ഷനുമായി പട്ടികയില്‍ അഞ്ചാം സ്ഥാനത്തുണ്ട്. വെറും 17 ദിവസത്തെ കളക്ഷനാണിത് എന്നതാണ് ശ്രദ്ധേയം.
അതേസമയം ആഗോള ബോക്‌സ് ഓഫീസില്‍ ചിത്രം ഇതിനകം 270 കോടി രൂപ നേടിയിട്ടുണ്ട്. മലയാള സിനിമയുടെ ചരിത്രത്തിലെ ഇതുവരെയുള്ള രണ്ടാമത്തെ വലിയ ആഗോള കളക്ഷനാണിത്. 268 കോടി രൂപയായിരുന്നു ‘എമ്പുരാന്‍’ നേടിയ ലൈഫ് ടൈം ഗ്രോസ്. ചിത്രത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകള്‍ക്കും മികച്ച പ്രതികരണവും കളക്ഷനും ലഭിക്കുന്നുണ്ട്.
നിവിന്‍ പോളിയെ നായകനാക്കി ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ചിത്രമാണ് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’. ഭാവന സ്റ്റുഡിയോസും നിവിന്‍ പോളിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഭാവന സ്റ്റുഡിയോസിന്റെ ആറാമത്തെ നിര്‍മാണ സംരംഭം കൂടിയാണ് ചിത്രം.
സൂപ്പര്‍ഹിറ്റായ ‘പ്രേമലു’വിന് ശേഷം ഭാവന സ്റ്റുഡിയോസ് നിര്‍മിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ‘ബെത്‌ലഹേം കുടുംബ യൂണിറ്റിനുണ്ട്’. ഭാവന സ്റ്റുഡിയോസിൻ്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്കരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.