ലോസ് ആഞ്ജലിസിൽ തീ ആളിപ്പടർന്ന ഈ ദിവസങ്ങളിൽ ആയിരക്കണക്കിന് ഗാലൻ ഫോസ് ചെക്ക് സൊലൂഷനാണ് ഇവിടെ ഉപയോഗിച്ചത്. കാട്ടുതീ പടരുന്നത് ഒരു പരിധിവരെ പ്രതിരോധിക്കൻ കഴിയുന്ന ഫോസ്-ചെക്ക് എന്ന പ്രത്യേകതരം രാസപദാർഥമാണ് പിങ്ക് നിറത്തിൽ ലോസ് ആഞജലിസിൽ നിറയുന്നത്. കനത്ത ശീതക്കാറ്റും അതിശൈത്യവും കാട്ടുതീയുടെ രൂപത്തിൽ ലോസ് ആഞ്ജലിസിനെ കീഴ്പ്പെടുത്തുമ്പോൾ പ്രതിരോധ മാർഗമെന്നോണമാണ് സർക്കാർ പിങ്ക് പൗഡർ ആകാശത്തുനിന്നും ഭൂമിയിൽ നിന്നും വിതറുന്നത്. 1960 മുതൽ അമേരിക്കൻ കമ്പനിയായ പെരിമേറ്റർ സൊലൂഷൻ ഉത്പാദിപ്പിക്കുന്ന പ്രധാന അഗ്നി പ്രതിരോധ വസ്‌തുവെന്ന രീതിയിൽ ലോകത്താകമാനം ഏറെ പ്രശസ്‌തമാണ് ഈ ഫോസ് ചെക്ക്. തീയിലേക്ക് നേരിട്ട് സ്പ്രേചെയ്യുന്നതിന് പകരം തീപിടിത്ത സാധ്യത മുന്നിൽ കണ്ട് ഫോസ് ചെക്ക് മുൻകൂട്ടി സ്പ്രേചെയ്യുകയാണ് ചെയ്യുന്നത്. ഇതിൻ്റെ പിങ്ക് നിറം തീ പടർന്ന് പിടിക്കുന്നത് ഒരു പരിധിവരെ തടയുമെന്ന് മാത്രമല്ല ഫയർ ആൻഡ് സേഫ്റ്റി ഉദ്യോഗസ്ഥർക്ക് അപകടസ്ഥലം പെട്ടെന്ന് തിരിച്ചറിയാനുള്ള സാഹചര്യമുണ്ടാക്കുന്നുവെന്നും ബിബിസി റിപ്പോർട്ട് ചെയ്യുന്നു. ദിവസങ്ങൾ കഴിഞ്ഞ് മാത്രമേ ഇതിന്റെ പിങ്ക് നിറം മാഞ്ഞുപോവുകയുള്ളൂവെന്നതാണ് ഇതിൻ്റെ പ്രത്യേകത. അമോണിയം പോളിഫോസ്ഫേറ്റ് വസ്‌തുവാണ് പിങ്ക് സ്പ്രേയിൽ അടങ്ങിയിരിക്കുന്നത്. വെള്ളത്തേപ്പോലെ പെട്ടെന്ന് വറ്റിപ്പോകില്ല എന്നുള്ളത് കൊണ്ട് ഏത് സമയത്തും ഉപയോഗിക്കാനും കഴിയുന്നതാണ് ഫോസ് ചെക്ക്. ഫോസ് ചെക്കിൻ്റെ വ്യാപകമായ ഉപയോഗം പാരിസ്ഥിക ആരോഗ്യ പ്രശ്ന‌ങ്ങൾക്ക് ഇടയാക്കിയേക്കാമെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. ഇതിലടങ്ങിയ രാസവസ്തു ജലസ്രോതസ്സുകളെയടക്കം മലിനമാക്കാമെന്നും ഇത് ആരോഗ്യപ്രശ്ന‌ങ്ങളിലേക്ക് നയിക്കാമെന്നുമാണ് പരിസ്ഥിതി പ്രവർത്തകരുടെ മുന്നറിയിപ്പ് നൽകുന്നുണ്ട്. എങ്കിലും നിലവിലെ സാഹചര്യത്തിൽ ലോസ് ആഞ്ജലീസിൽ ലഭിക്കുന്നതിൽവെച്ച് ഏറ്റവും ഫലപ്രദമായ വസ്‌തുവാണ് ഫോസ് ചെക്ക് എന്നാണ് സർക്കാർ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നത്.

Related Posts