സംസ്ഥാനത്ത് ലഹരി മാഫിയക്കെതിരായ നടപടികൾ ശക്തമാക്കി നടപ്പാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ–ദ നാർക്കോ ഹണ്ട്’ 100 ദിവസം പിന്നിട്ടപ്പോൾ ശ്രദ്ധേയമായ നേട്ടം കൈവരിച്ചതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ലഹരി മാഫിയയുടെ വേരറുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ദൗത്യം സംസ്ഥാനത്ത് സുരക്ഷിതമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ നിർണായക പങ്കുവഹിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. 2026 ജൂൺ രണ്ടിന് ആരംഭിച്ച ദൗത്യത്തിനിടെ ഗുരുതര കുറ്റകൃത്യങ്ങളിൽ കുറവുണ്ടായതോടൊപ്പം പിടിച്ചെടുത്ത ലഹരിമരുന്നുകളുടെ അളവിൽ 19 ശതമാനം വർധനയും രേഖപ്പെടുത്തി. ലഹരിമരുന്നിൻ്റെ നിർമാണം, കടത്ത്, വിതരണം എന്നീ മൂന്ന് ഘട്ടങ്ങളിലും ഒരേസമയം നടപടിയെടുത്തത് ദക്ഷിണേന്ത്യക്ക് തന്നെ മാതൃകയായെന്നും മന്ത്രി പറഞ്ഞു.

ലഹരി കേസുകൾ രജിസ്റ്റർ ചെയ്യുന്നതിൽ മാത്രം ഒതുങ്ങാതെ ലഹരി ശൃംഖല പൂർണമായി തകർക്കുന്നതിനാണ് ഓപ്പറേഷൻ തൂഫാൻ പ്രധാനമായും ശ്രദ്ധ നൽകിയത്. മുൻവർഷത്തെ അപേക്ഷിച്ച് ലഹരി കേസുകൾ 9,208ൽ നിന്ന് 10,301 ആയും, അറസ്റ്റിലായവരുടെ എണ്ണം 9,947ൽ നിന്ന് 11,146 ആയും ഉയർന്നു. കേസുകളും അറസ്റ്റുകളും ഏറ്റവും കൂടുതൽ രേഖപ്പെടുത്തിയത് മലപ്പുറം ജില്ലയിലാണ്. സിന്തറ്റിക് ഡ്രഗ്സായ എംഡിഎംഎക്കെതിരെയും ശക്തമായ നടപടി സ്വീകരിച്ചു. കഴിഞ്ഞ വർഷം 8.211 കിലോഗ്രാം എംഡിഎംഎ പിടിച്ചെടുത്തപ്പോൾ ഇത്തവണ ഇത് 24 കിലോഗ്രാമായി ഉയർന്നു.

റെയിൽവേ മാർഗമുള്ള അതിർത്തി കടന്നുള്ള ലഹരി കടത്തിനെതിരായ നടപടിയിലും വൻ വർധനയുണ്ടായി. ഇത്തരം കേസുകൾ 227 ശതമാനവും അറസ്റ്റുകൾ 255 ശതമാനവും വർധിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു. ലഹരി വേട്ട ശക്തമാക്കിയതിൻ്റെ ഭാഗമായി സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ ഉൾപ്പെടെയുള്ള പൊതുകുറ്റകൃത്യങ്ങളിലും കുറവുണ്ടായതായി മന്ത്രി പറഞ്ഞു. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ആകെ കേസുകളിൽ 1.9 ശതമാനവും, ബലാത്സംഗ കേസുകളിൽ 19.9 ശതമാനവും, പോക്സോ കേസുകളിൽ 13.6 ശതമാനവും കുറവ് രേഖപ്പെടുത്തിയതായും ചെന്നിത്തല വ്യക്തമാക്കി.

Related Posts