വിവിധ കലാകാരന്മാരുടെ കൂട്ടായ്മയായ ഓൺസ്റ്റേജ് ജാലഹള്ളി സംഘടിപ്പിച്ച ‘ചലനം 2026’ വൻ വിജയമായി. നാലു മണിക്ക് തുടങ്ങിയ ചടങ്ങിൽ മുഖ്യാതിഥികളായി സന്തോഷ് കീഴാറ്റൂർ, കുക്കു സുരേന്ദ്രൻ, എൽദോ സെൽവരാജ്, രാജാഗോപാൽ മുള്ളത്ത്, കമനീധരൻ എന്നിവർ പങ്കെടുത്തു.
ഓൺസ്റ്റേജ് തിയേറ്റർ അവതരിപ്പിച്ച ‘വെന്റിലേറ്റർ’ എന്ന നാടകം കുടുംബ പ്രേക്ഷകർ ഒന്നാകെ നെഞ്ചിലേറ്റി. രോഹിത് ആചര്യ, അഞ്ജന രാധാകൃഷ്ണൻ എന്നിവരുടെ നൃത്തം ഓൺസ്റ്റേജ് ഗായകരുടെ ശ്രദ്ധേയമായ ഗാനങ്ങൾ, മനോജ് അവതരിപ്പിച്ച വയലിൻ ഫ്യൂഷൻ, പ്രശസ്ത മെന്റലിസ്റ്റ് അനന്തു അവതരിപ്പിച്ച ഷോ എന്നിവ കൊണ്ട് സമ്പന്നമായ പരിപാടി കുടുംബസമേതം എത്തിയ പ്രേക്ഷകരുടെ ഹൃദയം കീഴടക്കി.
സാമൂഹിക പ്രതിബദ്ധതയും കലാപരമായ മികവും ഒരുപോലെ ഉയർത്തിപ്പിടിച്ച പരിപാടിയിൽ ബാംഗ്ലൂർ നിവാസികളായ കലാകാരെ മുഴുവൻ ഓൺസ്റ്റേജിൻ്റെ അംഗത്വം സ്വീകരിച്ചു പ്രവർത്തിക്കണം എന്ന് അധ്യക്ഷ പ്രസംഗത്തിൽ പ്രസിഡണ്ട് കവിരാജ് അഭിപ്രായപ്പെട്ടു. പ്രേക്ഷകരുടെ നിറഞ്ഞ കൈയടിയും മികച്ച പ്രതികരണവും പരിപാടിയെ കൂടുതൽ ശ്രദ്ധേയമാക്കി.
കലാമൂല്യം വഴി സമൂഹത്തിന് നല്ല സന്ദേശങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഓൺസ്റ്റേജ് ജാലഹള്ളി, യുവ കലാകാരൻമാർക്ക് മികച്ച വേദി ഒരുക്കുന്നതിൽ വീണ്ടും മാതൃകയായി. പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ച മുഴുവൻ സംഘാടകരെയും കലാകാരൻമാരെയും പ്രേക്ഷകരെയും ഭാരവാഹികൾ നന്ദിപറഞ്ഞു. രാത്രി 10.30 ന് ദേശീയ ഗാനത്തോടെ പരിപാടി അവസാനിച്ചു.