മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കം പരിഹരിക്കുന്നതിനായി ഹൈക്കമാൻഡിൻ്റെ നേതൃത്വത്തിൽ ദില്ലിയിൽ നിർണായക യോഗം നടക്കുന്നു. രാഹുൽ ഗാന്ധി, സിദ്ധരാമയ്യ, ഡി.കെ. ശിവകുമാർ എന്നിവരാണ് ഈ നിർണായക ചർച്ചയിൽ പങ്കെടുക്കുന്നത്. നിലവിലെ മുഖ്യമന്ത്രിയായ സിദ്ധരാമയ്യയെ മാറ്റി ഡി.കെ. ശിവകുമാറിനെ മുഖ്യമന്ത്രിയാക്കുക എന്ന ലക്ഷ്യത്തോടെയാണ് ശിവകുമാർ ക്യാമ്പ് സമ്മർദ്ദം ശക്തമാക്കിയിരിക്കുന്നത്.

തന്നെ അനുകൂലിക്കുന്ന ഒരു കൂട്ടം മന്ത്രിമാർക്കൊപ്പമാണ് സിദ്ധരാമയ്യ ഡൽഹിയിലെത്തിയിരിക്കുന്നത്. എന്നാൽ മുഖ്യമന്ത്രി സ്ഥാനത്തിന് പകരം സിദ്ധരാമയ്യയ്ക്ക് രാജ്യസഭാ സീറ്റ് കോൺഗ്രസ് നേതൃത്വം മുന്നോട്ട് വെച്ചേക്കുമെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. ഭൂരിഭാഗം എം.എൽ.എമാരുടെയും പിന്തുണ സിദ്ധരാമയ്യയ്ക്കാണ് എന്നതായിരുന്നു മുൻപ് ഹൈക്കമാൻഡ് സ്വീകരിച്ചിരുന്ന നിലപാട്. എന്നാൽ കേരളത്തിൽ ഇതിന് വിരുദ്ധമായ സമീപനം സ്വീകരിച്ച സാഹചര്യത്തിൽ, കർണാടകയിലും അത്തരമൊരു മാറ്റം വേണമെന്നാണ് ഡി.കെ. ശിവകുമാർ പക്ഷത്തിൻ്റെ ആവശ്യം.

യോഗത്തിന് മുന്നോടിയായി രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും സുർജേവാലയുമായി പ്രത്യേക കൂടിക്കാഴ്ച നടത്തി. സർക്കാരിൻ്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള റിപ്പോർട്ട് സുർജേവാല ഹൈക്കമാൻഡിന് കൈമാറിയിട്ടുണ്ട്. ഈ റിപ്പോർട്ടിൻ്റെകൂടി അടിസ്ഥാനത്തിലായിരിക്കും അന്തിമ തീരുമാനം ഉണ്ടാവുക.

Related Posts