സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി നഴ്സുമാർ നടത്തിവന്ന സമരം പിൻവലിക്കുന്നു. സമരം നിർത്തി ചർച്ചയ്ക്കു തയാറാകാൻ ഹൈക്കോടതി നിർദേശിച്ചു. നഴ്സുമാരും ആശുപത്രി മാനേജ്മെന്റുകളും തമ്മിലുള്ള ചർച്ചകൾ ഹൈക്കോടതി മീഡിയേഷൻ സെന്ററിൽ നിന്നു നിയോഗിക്കുന്ന മധ്യസ്ഥന്റെ മേൽനോട്ടത്തിൽ നടക്കും. ശമ്പള വർധന ഉൾപ്പെടെയുള്ള ആവശ്യങ്ങളുയർത്തിയാണ് സമരം.
ചൊവ്വാഴ്ച രാവിലെ 10 മണിയോടെയാണ് ഹൈക്കോടതി മീഡിയേഷൻ സെന്ററിൽ ചർച്ച നടക്കുക. ചർച്ചയ്ക്കു പിന്നാലെ വ്യാഴാഴ്ച ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കും. ചർച്ച പൂർത്തിയാകും വരെ സമരം പാടില്ലെന്നാണ് നിർദേശം. ഇതോടെ നാളെ മുതൽ നഴ്സുമാർ ജോലിക്കു കയറും.
നഴ്സുമാരുടെ സമരത്തിനെതിരെ കേരള പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷനാണ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ, കുറെ ആശുപത്രികൾ സമരക്കാരുമായി ധാരണയിലെത്തിയെന്ന് സമരക്കാർ അവകാശപ്പെടുന്നു. ബാക്കിയുള്ള സ്വകാര്യ ആശുപത്രികൾ കൂടി ധാരണയിലെത്തിയാൽ മാത്രമേ സമരം പൂർണമായി അവസാനിപ്പിക്കുകയുള്ളൂ എന്ന് നഴ്സുമാർ അറിയിച്ചു.