എൻ.എസ്.എസ്. കർണാടകയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വിപുലമായ സാംസ്കാരിക-സാമൂഹിക സംഗമം ‘സ്നേഹസംഗമം 2026’ വസന്തനഗറിലെ ഡോ. ബി.ആർ.അംബേദ്കർ ഭവനിൽ വിജയകരമായി നടന്നു. സെപ്റ്റംബർ 20-ന് നടന്ന ചടങ്ങിൻ്റെ ഔദ്യോഗിക ഉദ്ഘാടനം ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ ഡോ. എസ്. സോമനാഥ് നിർവഹിച്ചു. കർണാടകയിലെ വിവിധ കരയോഗങ്ങളിൽ നിന്നുള്ള നൂറുകണക്കിന് അംഗങ്ങളും അവരുടെ കുടുംബങ്ങളും പരിപാടിയിൽ പങ്കെടുത്ത പരിപാടിയിൽ ചെയർമാൻ ആർ ഹരീഷ്കുമാർ അധ്യക്ഷത വഹിച്ചു.

കേരളത്തിന് പുറത്തുള്ള മലയാളി സമൂഹത്തിൻ്റെ സംസ്കാരവും പാരമ്പര്യവും സഹോദര്യബോധവും ജീവിതശൈലിയും നല്ല രീതിയിൽ നിലനിർത്തുന്നതിൽ മലയാളി സംഘടനകൾക്ക് നിർണായക പങ്കുണ്ടെന്ന് മുൻ ഐ.എസ്.ആർ.ഒ. ചെയർമാൻ ഡോ.എസ്.സോമനാഥ് പറഞ്ഞു. ‘കേരളത്തിൻ്റെ തനതായ സംസ്കാരവും പാരമ്പര്യവും മൂല്യങ്ങളും കേരളത്തിന് പുറത്തും സംരക്ഷിക്കുകയും പുതുതലമുറയിലേക്ക് പകർന്നു നൽകുകയും ചെയ്യുന്നതിനായി മലയാളി സംഘടനകൾ കൂടുതൽ സജീവമായി പ്രവർത്തിക്കണം. പ്രത്യേകിച്ച് കേരളത്തിന് പുറത്തുള്ള മലയാളി സംഘടനകൾ സമൂഹത്തിലെ ഐക്യവും സൗഹൃദവും സഹോദര്യവും ശക്തിപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകണം.’ അദ്ദേഹം പറഞ്ഞു.
മലയാളി സമൂഹത്തെ പരസ്പരം ബന്ധിപ്പിക്കുന്ന ഇത്തരം കൂട്ടായ്മകൾ നമ്മുടെ സംസ്കാരവും പാരമ്പര്യവും നിലനിർത്തുന്നതിനൊപ്പം സമൂഹത്തിൽ പരസ്പര സഹകരണവും സ്നേഹവും വളർത്തുന്നതിനും സഹായിക്കുമെന്നും ഡോ. സോമനാഥ് അഭിപ്രായപ്പെട്ടു.

സംഗമത്തിൻ്റെ ഭാഗമായി ആവേശകരമായ തിരുവാതിര മത്സരവും വിവിധ കലാ-സാംസ്കാരിക പരിപാടികളും അരങ്ങേറി. വൈകിട്ട് 5 മണിക്ക് ശേഷം ‘സിത്താനി ഭജൻസ്’ അവതരിപ്പിച്ച ഭക്തിസാന്ദ്രമായ ഭജൻ സന്ധ്യയും ചടങ്ങിന് മാറ്റുകൂട്ടി. പങ്കെടുത്തവർക്കായി ഉച്ചയ്ക്ക് 1 മണി മുതൽ വിഭവസമൃദ്ധമായ ഭക്ഷണവും ഒരുക്കിയിരുന്നു.

വിദ്യാഭ്യാസ രംഗത്തെ മികവ് പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി, 2025–26 അധ്യയന വർഷത്തിലെ എസ് എസ് എൽ സി, പി യു സി പരീക്ഷകളിൽ സംസ്ഥാന, സിബിഎസ്‌സി, ഐസിഎസ്‌ഇ വിഭാഗങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള മെറിറ്റ് അവാർഡുകളും ചടങ്ങിൽ വെച്ച് വിശിഷ്ടാതിഥികൾ സമ്മാനിച്ചു. എൻ.എസ്.എസ് കർണാടക ഭാരവാഹികളായ എം എസ് ശിവപ്രസാദ് , ബിനോയ് എസ്‌ നായർ, പി എം ശശീന്ദ്രൻ, പി കെ മുരളീധരൻ, വിജയൻ തോന്നുർ, എൻ വിജയകുമാർ, റെജികുമാർ, ബിജു പി നായർ, സുനിൽകുമാർ പി, ആർ വിജയൻ നായർ, പ്രസീദ് കുമാർ, പി കൃഷ്‌ണകുമാർ, മുകുന്ദൻ കെ ബി എന്നിവരുടെ നേതൃത്വത്തിൽ പരിപാടികൾ വിജയകരമായി നിയന്ത്രിച്ചു.

Related Posts