പ്രവാസജീവിതം അവസാനിപ്പിച്ച് കേരളത്തിൽ തിരിച്ചെത്തിയവർക്ക് നോർക്ക റിട്ടേണി ഐഡി കാർഡ് നൽകാൻ സംസ്ഥാന സർക്കാർ അനുമതി നൽകി. കുറഞ്ഞത് രണ്ട് വർഷം പ്രവാസിയായിരുന്ന ശേഷം കേരളത്തിൽ സ്ഥിരതാമസമാക്കിയവർക്കാണ് കാർഡിന് അർഹത.
കാർഡിനുള്ള രജിസ്ട്രേഷൻ പോർട്ടൽ ഇന്ന് രാവിലെ 11 മുതൽ പ്രവർത്തനം ആരംഭിച്ചു. നോർക്ക റൂട്ട്സ് വെബ്സൈറ്റ് വഴിയും സംസ്ഥാനത്തെ മൂവായിരത്തിലധികം അക്ഷയ കേന്ദ്രങ്ങൾ വഴിയും അപേക്ഷ നൽകാം. മൂന്ന് വർഷത്തെ കാലാവധിയുള്ള കാർഡിന് 200 രൂപയാണ് ഫീസ്. തിരുവനന്തപുരത്തെ തൈക്കാട് നോർക്ക സെന്ററിൽ എൻറോൾമെന്റിനായി പ്രത്യേക സഹായകേന്ദ്രവും ഒരുക്കിയിട്ടുണ്ട്. രേഖകളുടെ പരിശോധന പൂർത്തിയായ ശേഷം രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ഇ-കാർഡ് ലഭിക്കും.
അപേക്ഷയ്ക്കൊപ്പം പാസ്പോർട്ട് സൈസ് ഫോട്ടോ, ഒപ്പ്, ആധാർ കാർഡ് എന്നിവ സമർപ്പിക്കണം. രണ്ട് വർഷത്തിലധികം പ്രവാസിയായിരുന്നുവെന്ന് തെളിയിക്കുന്ന രേഖകളിൽ ഏതെങ്കിലും ഒന്നും നൽകണം. കാലാവധി കഴിഞ്ഞ നോർക്ക പ്രവാസി ഐഡി കാർഡ്, പ്രവാസി ക്ഷേമനിധി ബോർഡ് അംഗത്വ കാർഡ്, പാസ്പോർട്ടിലെ ആദ്യത്തെയും അവസാനത്തെയും വിസാ പേജുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ തെളിവായി സ്വീകരിക്കും. മറ്റ് സംസ്ഥാനങ്ങളിൽ പ്രവാസിയായിരുന്നവർക്ക് എൻആർകെ ഐഡി കാർഡ്, ക്ഷേമനിധി അംഗത്വ കാർഡ് തുടങ്ങിയവയും സമർപ്പിക്കാം.