ഇഡി റെയ്ഡിനിടെ തിരുവനന്തപുരത്ത് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണമുണ്ടായെന്ന ആരോപണങ്ങൾ പൂർണ്ണമായും തള്ളി എം. സ്വരാജ്. തലസ്ഥാനത്തുണ്ടായത് ഒരു തരത്തിലുമുള്ള ആക്രമണമല്ലെന്നും, ഇഡി നാടകം കളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. പ്രതിപക്ഷ നേതാവിൻ്റെ വസതിയായ കന്റോൺമെന്റ് ഹൗസ് കേന്ദ്രീകരിച്ച് അന്വേഷണ ഏജൻസികൾക്ക് നാടകം കളിക്കാൻ അവസരമൊരുക്കുകയാണോ എന്ന ചോദ്യവും അദ്ദേഹം ഉയർത്തി. മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് എം. സ്വരാജ് കേന്ദ്ര ഏജൻസികൾക്കും പ്രതിപക്ഷത്തിനുമെതിരെ കടുത്ത ഭാഷയിൽ രംഗത്തെത്തിയത്.
“ഇഡി ഉദ്യോഗസ്ഥരെ അവിടെ ആരും ആക്രമിച്ചിട്ടില്ല. അക്രമം ഇങ്ങനെയൊന്നുമല്ല എന്ന് നിങ്ങൾ മനസ്സിലാക്കിക്കൊള്ളണം. ഇതൊരു അക്രമമേയല്ല. അന്വേഷണ ഏജൻസികൾക്ക് നാടകം കളിക്കാനുള്ള ഒരു പ്രതീതി ഇവിടെ ബോധപൂർവ്വം സൃഷ്ടിച്ചെടുക്കുകയാണ്.” സ്വരാജ് പറഞ്ഞു.