മുഖ്യമന്ത്രിയുടെ കാര്യത്തിൽ മണിക്കൂറുകൾ നീണ്ട ചർച്ചകൾക്ക് ശേഷവും തീരുമാനമായില്ല. നേതാക്കളുമായി ചർച്ച നടത്തിയെന്നും തീരുമാനം ഉടൻ ഉണ്ടാകുമെന്നും ദീപാദാസ് മുൻഷി മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു. യോഗത്തിൽ അന്തിമ തീരുമാനം ആയില്ലെന്നും രാഹുൽ ഗാന്ധിയും മല്ലിഖാർജുൻ ഖാർഗയും തീരുമാനമെടുക്കുമെന്നും ദീപദാസ് മുൻഷി പറഞ്ഞു.
മുഖ്യമന്ത്രിയെ സംബന്ധിച്ച് കോൺഗ്രസും രാഹുൽഗാന്ധിയും എടുക്കുന്ന തീരുമാനം എല്ലാവരും ഐക്യകണ്ഠേന സ്വീകരിക്കാൻ പ്രതിജ്ഞാബദ്ധരാണെന്ന് കെ പി സി സി പ്രസിഡണ്ട് സണ്ണി ജോസഫ് പറഞ്ഞു. നേതാക്കൾക്കുവേണ്ടി പ്രകടനങ്ങൾ പാടില്ലെന്ന് വി ഡി സതീശൻ കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞു. ഇത്തരം പ്രവണതകൾ കോൺഗ്രസ് പ്രവർത്തകരെ വേദനിപ്പിക്കുമെന്നും ഇനി ഒരു പ്രകടനവും നടത്തരുതെന്ന് അഭ്യർത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു. നേതാക്കളെ ഇഷ്ടപ്പെടുന്നതിൽ തെറ്റില്ലെന്നും അത് മറ്റുളവരെ അപമാനിക്കുന്ന രീതിയിൽ ആവരുതെന്നും കെസി വേണുഗോപാൽ പറഞ്ഞു. ഇന്നത്തോടുകൂടി എല്ലാം അവസാനിപ്പിക്കണം എന്നും ജനങ്ങൾക്ക് മുൻപിൽ പാർട്ടിക്ക് മോശമായ ഒരു ചിത്രം ഉണ്ടാക്കാൻ ഇത് വഴിതെളിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കണം എന്നും രമേശ് ചെന്നിത്തല പറഞ്ഞു.