നിയമസഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വം ലഭിക്കാത്തതില്‍ പരാതിയില്ലെന്നും ഉടുമ്പൻചോല സ്ഥാനാർഥിയായി തെരഞ്ഞെടുത്ത കെ.കെ. ജയചന്ദ്രനോട് ഒരു പിണക്കവുമില്ലെന്നും മുതിർന്ന സിപിഎം നേതാവ് എം.എം. മണി. സിപിഎം സ്ഥാനാർഥിയെ ജയിപ്പിക്കേണ്ട ബാധ്യത തനിക്കുണ്ടെന്നും അതിനാൽ പ്രചാരണത്തിന് കൂടെയുണ്ടാകുമെന്നും മണി പറഞ്ഞു.
ഇത്തവണ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താല്‍പര്യമില്ലായിരുന്നെന്നും താല്പര്യമുണ്ടായിരുന്നെങ്കിൽ നേതൃത്വത്തോട് പറഞ്ഞാൽ മതിയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഒരാൾ 10 വർഷത്തിൽ കൂടുതലൊന്നും എംഎൽഎ ആകേണ്ടതില്ലെന്നും മണി പറഞ്ഞു.
തെരഞ്ഞെടുപ്പ് സമയത്ത് മാത്രം പൊട്ടിമുളയ്ക്കുന്ന പാർട്ടിയാണ് ബിഡിജെഎസ് എന്നും ബിഡിജെഎസ് എന്ന സാധനം ചിത്രത്തിലേ ഇല്ലെന്നും മണി അഭിപ്രായപ്പെട്ടു. യുഡിഎഫ് സ്ഥാനാർഥിയായ സേനാപതി സേതു തോൽക്കുമെന്നും മണി പറഞ്ഞു.