കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ വിഷു ബമ്പർ ഭാഗ്യക്കുറി ടിക്കറ്റുകൾക്ക് റിക്കാർഡ് വിൽപന. 44,61,670 ടിക്കറ്റുകളാണ് വിറ്റുതീർന്നത്. നാളെയാണ് നറുക്കെടുപ്പ്. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ വിൽപന; 11,55,210 എണ്ണം. ആകെ 45 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. കഴിഞ്ഞ വർഷം 42,87,350 എണ്ണം വിഷു ബമ്പർ ടിക്കറ്റുകൾ ആയിരുന്നു വിറ്റത്.
നാളെ ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം ഗോർഖി ഭവനിലാണ് നറുക്കെടുപ്പ്. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. ഒന്നാം സമ്മാനം നേടുന്ന അതേ അക്കം വരുന്ന മറ്റ് അഞ്ച് പരമ്പരകൾക്ക് ഒരു ലക്ഷം രൂപയുടെ സമാശ്വാസ സമ്മാനവും ലഭിക്കും. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം ആറ് പരമ്പരകൾക്ക് ലഭിക്കും. മൂന്നാം സമ്മാനം 10 ലക്ഷം രൂപ വീതം ആറ് പരമ്പരകൾക്കും നാലാം സമ്മാനം അഞ്ച് ലക്ഷം രൂപ വിതം ആറ് പരമ്പരകൾക്കും ലഭിക്കും. കൂടാതെ 5000, 2000, 1000, 500, 300 വീതം രൂപ സമ്മാനങ്ങളും ലഭിക്കുന്നു. വിആർ 109 നമ്പർ വിഷു ബമ്പർ ഭാഗ്യക്കുറി ടിക്കറ്റുകൾ വിഎ, വിബി, വിസി, വിഡി, വിഇ, വിജി, എന്നിങ്ങനെ ആറ് പരമ്പരകളിലായാണ് ലഭ്യമാകുന്നത്. 300 രൂപയാണ് ഓരോ ടിക്കറ്റിൻ്റെയും വില.