നിതിൻരാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ മുൻകൂർ ജാമ്യം തേടി ഡോ. റാം ഹൈക്കോടതിയിലേക്ക്. കഴിഞ്ഞ ദിവസം ഡോ. റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തലശേരി ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു. തലശേരി കോടതി പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് അധ്യാപകന് ജാമ്യം നിഷേധിച്ചത്.
ആത്മഹത്യാ പ്രേരണക്കേസിലെ രണ്ടാം പ്രതി അസോസിയറ്റ് പ്രൊഫസർ ഡോ. കെ.ടി സംഗീത നമ്പ്യാർക്ക് മുൻകൂർ ജാമ്യം കോടതി അനുവദിച്ചു. നിതിൻ രാജ് നിരന്തര അധിക്ഷേപത്തിന്റെ ഇരയെന്നാണ് പ്രോസിക്യൂഷൻ വാദം. ഒന്നും രണ്ടും പ്രതികൾ പലവിധത്തിൽ മാർച്ച് 13 മുതൽ നിതിൻരാജിനെ അപമാനിക്കുകയും മോശമായി പെരുമാറുകയും ചെയ്തു.
സംഭവ ദിവസം പകൽ 12.30 മുതൽ രണ്ടുവരെ പ്രിൻസിപ്പലിന്റെ മുറിയിലും സ്റ്റാഫ് റൂമിലും ഒന്നാം പ്രതി എത്തിയതും സംശയാസ്പദമാണ്. സഹോദരിക്ക് നിതിൻരാജ് അയച്ച ഓഡിയോ, വാട്സ്ആപ്പ് സന്ദേശങ്ങളും, സ്റ്റാഫ് റൂമിലും പ്രിൻസിപ്പലിന്റെ മുറിയിലും ഡോ. റാം എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളും പ്രോസിക്യൂഷൻ ഹാജരാക്കി.
കണ്ണൂർ അഞ്ചരക്കണ്ടി സ്വകാര്യ ഡെന്റൽ കോളജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥിയായിരുന്നു ആർ.എൽ. നിതിൻ രാജ്.