എഎപി നേതാവും ഡൽഹി മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനെതിരെ രൂക്ഷവിമർശനവുമായി സ്വാതി മലിവാൾ. ആംആദ്മി വിട്ട് ബിജെപിയിൽ ചേർന്നതിന് പിന്നാലെയാണ് കെജ്രിവാളിനെതിരെ സ്വാതി മലിവാൾ രംഗത്തെത്തിയത്. കെജ്രിവാൾ ഗുണ്ടായിസ രാഷ്ട്രീയമാണ് നടത്തുന്നതെന്ന് സ്വാതി മലിവാൾ കുറ്റപ്പെടുത്തി.
2024-ൽ അദ്ദേഹത്തിന്റെ വസതിയിൽ വെച്ച് പേഴ്സണൽ അസിസ്റ്റന്റ് ബിഭവ് കുമാർ തന്നെ മർദ്ദിച്ചതായും സ്വാതി ആരേപിച്ചു. കഴിഞ്ഞ രണ്ട് വർഷമായി പാർലമെന്റിൽ സംസാരിക്കാൻ തനിക്ക് അവസരം നൽകിയില്ലെന്നും സംഭവത്തിൽ പോലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആർ പിൻവലിക്കാൻ തൻ്റെ മേൽ കടുത്ത സമ്മർദ്ദമുണ്ടായെന്നും അവർ ആരോപിച്ചു.
ആംആദ്മി എംപിമാരെ “രാജ്യദ്രോഹികൾ” എന്ന് മുദ്ര കുത്തി രാജ്യസഭയിൽ നിന്നും പുറത്താക്കിയ നടപടിയെയും സ്വാതി വിമർശിച്ചു. യഥാർഥ രാജ്യദ്രോഹി കെജ്രിവാളാണെന്നും സ്വാതി മലിവാൾ കുറ്റപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള വിശ്വാസം കാരണമാണ് താൻ ബിജെപിയിൽ ചേർന്നതെന്നും സ്വാതി മലിവാൾ വ്യക്തമാക്കി.