തന്ത്രി കണ്ഠരര് രാജീവരര് ശബരിമല യുവതീ പ്രവേശനത്തിലെ വിലക്ക് തുടരണമെന്ന് സുപ്രീം കോടതിയെ അറിയിച്ചു. ദെെവിക ശക്തിയിൽ നിന്നുള്ള ആധികാരിക നിർദേശമായി ഇത് അംഗീകരിക്കണമെന്നും ദേവപ്രശ്നത്തിൽ വിലക്ക് തുടരണമെന്നാണ് വ്യക്തമായതെന്നും സുപ്രീം കോടതിയിൽ എഴുതി നൽകിയ വാദത്തിൽ രാജീവരര് പറയുന്നു.
യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീം കോടതി ഈ മാസം 23 വരെ വിവിധ കക്ഷികൾക്ക് വാദങ്ങൾ സമർപ്പിക്കാൻ സമയം അനുവദിച്ചിരുന്നു. ഈ കേസിൽ പ്രധാന കക്ഷിയാണ് തന്ത്രി കണ്ഠരര് രാജീവരര്. തുടർന്നാണ് തന്ത്രി വാദം സമർപ്പിച്ചത്. ആചാരങ്ങളിൽ അവസാനത്തീർപ്പ് കോടതികൾ അല്ലെന്ന വാദമാണ് പന്തളം കൊട്ടാരം കോടതിയിൽ സമർപ്പിച്ച വാദത്തിൽ പറയുന്നത്.