മലയാളി നിമിഷപ്രിയയുടെ, യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട വധശിക്ഷ ഒഴിവാക്കാൻ തിരക്കിട്ട ശ്രമം തുടരുന്നതായി കേന്ദ്ര സർക്കാർ വൃത്തങ്ങൾ. ജൂലായ് 16-ന് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാനാണ് യെമൻ ജയിൽ അധികൃതരുടെ തീരുമാനം. ഒരാഴ്ച്ച സമയം മാത്രമാണ് മോചനശ്രമങ്ങൾക്കായി ബാക്കി ലഭിക്കുക.
ദയാധനം കൈമാറുന്നതടക്കമുള്ള വിഷയങ്ങൾ സങ്കീർണ്ണമാണെന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിശദീകരണം. ഉന്നതതല ഇടപെടൽ പതിനാറാം തീയതി ശിക്ഷ നടപ്പാക്കാതിരിക്കാൻ നടത്തുമെന്നും സ്ഥിതി നിരീക്ഷിക്കുന്നുവെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
യമനിൽ ജോലി ചെയ്യുന്നതിനിടെ പാലക്കാട് സ്വദേശിയായ നിമിഷ പ്രിയ യെമനി പൗരനെ തലാൽ അബ്ദു മെഹദിയെ കൊലപ്പെടുത്തി എന്നാണ് കേസ്. കുടുംബം മാപ്പ് നൽകിയാൽ വധശിക്ഷ റദ്ദാക്കാനാകും. നിലവിൽ സൗദിയിലെ ഇന്ത്യൻ എംബസിയാണ് യെമനിലെ ഇന്ത്യൻ എംബസി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. നിമിഷ തടവിൽ കഴിയുന്ന മേഖലയുൾപ്പടെ ഹൂത്തി നിയന്ത്രിത മേഖലയായതും നേരിട്ടുള്ള ഇടപെടലുകൾക്ക് പരിമിതിയാണ്.
യെമനിൽ നിമിഷപ്രിയയ്ക്കായി നിയമനടപടികൾ ഏകോപിപ്പിക്കുന്ന സാമൂഹ്യപ്രവർത്തകൻ സാമുവൽ ജെറോമാണ് പബ്ലിക് പ്രോസിക്യൂഷൻ ഓഫീസിൽ നിന്ന് ജയിൽ അധികൃതർക്ക് വധ ശിക്ഷ നടപ്പാക്കുന്നുവെന്ന ഉത്തരവെത്തിയതായി അറിയിച്ചത്. നിമിഷപ്രിയയ്ക്കായി നയതന്ത്ര തലത്തിൽ ഉൾപ്പടെ നടന്ന ശ്രമങ്ങൾ നിലവിൽ വിജയം കണ്ടിട്ടില്ല.
10 ലക്ഷം ഡോളർ ദിയാധനം നൽകി മോചിപ്പിക്കാൻ ഇപ്പോഴും അവസരമുണ്ടെന്നാണ് സാമുവൽ ജെറോം പറയുന്നത്. ഇത് ഏകദേശം 8 കോടിയിലധികം രൂപ വരും. ഇതിനായി കുടുംബത്തെ കാണാൻ ശ്രമിക്കുമെന്നും സാമുവൽ ജെറോം പറഞ്ഞു. കുടുംബത്തെ നേരിൽ കണ്ട് ചർച്ച നടത്തുന്നതിനായി നിമിഷയുടെ അമ്മ ഇപ്പോഴും യെമനിലാണുള്ളത്.