യുപിയിലെ സോൻഭദ്ര ജില്ലയിൽ ക്വാറിയുടെ ഒരു ഭാഗം ഇടിഞ്ഞുവീണ് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഒബ്രയിലെ ബില്ലി മർകുണ്ടി ഗ്രാമത്തിലാണ് ഇന്നലെ ഉച്ചയ്ക്ക് അപകടം നടന്നത്. അപകടത്തിൽ 15 പേർ ക്വാറിക്കുള്ളിൽ കുടുങ്ങിക്കിടക്കുയാണ്.
കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള ശ്രമം ആരംഭിച്ചു. എൻഡിആർഎഫിൻ്റെയും എസ്ഡിആർഎഫിൻ്റെയും സംഘങ്ങൾ സ്ഥലത്ത് എത്തിയിട്ടുണ്ട്. അവശിഷ്ടങ്ങൾ നീക്കം ചെയ്തതിനുശേഷം മാത്രമേ രക്ഷാപ്രവർത്തനം ആരംഭിക്കാൻ കഴിയുകയുള്ളൂവെന്ന് അധികൃതർ അറിയിച്ചു.
ക്വാറിയ്ക്ക് 500 മീറ്ററോളം ആഴമുള്ളതായാണ് നിഗമനം. അപകടം നടക്കുമ്പോൾ 15 ഓളം തൊഴിലാളികൾ സ്ഥലത്തുണ്ടായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കംപ്രസർ മെഷീനുകൾ ഉപയോഗിച്ച് തൊഴിലാളികൾ പാറ തുരക്കുന്ന ഘട്ടത്തിലാണ് അപകടം നടന്നത്. രക്ഷാപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ യുപി മന്ത്രി സഞ്ജീവ് ഗോണ്ടും സ്ഥലത്തെത്തിയിട്ടുണ്ട്.