ബെംഗളൂരുവിൽനിന്ന് മലബാർ മേഖലയിലേക്ക് പുതിയ തീവണ്ടി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക-കേരള ട്രാവലേഴ്‌സ് ഫോറം (കെകെടിഎഫ്) കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് നിവേദനം നൽകി.
മലബാർ മേഖലയിലേക്ക് ഹൊസൂർ വഴി കടന്നു പോകുന്ന ഒരു പ്രതിദിന സൂപ്പർ ഫാസ്റ്റ് തീവണ്ടി അനുവദിക്കണമെന്നാണ് നിവേദനത്തിൽ ആവശ്യപ്പെടുന്നത്.
യശ്വന്ത്പുര – കണ്ണൂർ എക്സ്പ്രസിന് പട്ടാമ്പിയിൽ സ്റ്റോപ്പ് അനുവദിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പട്ടാമ്പിയിൽ സ്റ്റോപ്പ് അനുവദിച്ചാൽ ഗുരുവായൂർ ക്ഷേത്രത്തിൽ പോകുന്നവർക്ക് ഉപകാരപ്പെടുമെന്ന് കെകെടിഎഫ് ജനറൽ കൺവീനർ ആർ.മുരളീധർ നൽകിയ നിവേദനത്തിൽ പറയുന്നു.
നിലവിലുള്ള യശ്വന്ത്പുര-കണ്ണൂർ എക്‌സപ്രസിൽ (16527/16528) എപ്പോഴും തിരക്കായതിനാൽ ടിക്കറ്റ് കിട്ടുക പ്രയാസമാണ്. മലബാറിലേക്ക് ഒരു തീവണ്ടി കൂടിയെങ്കിലും വേണമെന്നത് വർഷങ്ങളായിട്ടുള്ള ആവശ്യമാണ്. പ്രതിവാര തീവണ്ടിയും വല്ലപ്പോഴും പ്രഖ്യാപിക്കുന്ന പ്രത്യേക സർവീസുകളിലും മാത്രമായി റെയിൽവേയുടെ നടപടി ഒതുങ്ങുകയായിരുന്നു. മലബാർമേഖലയിൽനിന്നുള്ള ലക്ഷക്കണക്കിനു ആളുകൾ ബെംഗളൂരുവിൽ താമസിക്കുന്നുണ്ട്. ഇവരിൽ മിക്കവരും ആശ്രയിക്കുന്നത് തീവണ്ടിയെയാണ്.